ദുർഗ്ഗാ പൂജാ ആഘോഷങ്ങളിൽ മതിമറന്ന് നിന്ന യുവാവ്; പൊടുന്നനെ എല്ലാവരും കേട്ടത് മാറ്..മാറ് എന്നൊരു നിലവിളി; ഗേറ്റിനടിയിൽ കുടുങ്ങിയ നിലയിൽ ഒരു തല; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
സിൽചാർ: അസമിലെ സിൽചാറിൽ ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്കിടെ ശക്തമായ കൊടുങ്കാറ്റിൽ കൂറ്റൻ ഹോർഡിങ് തകർന്നു വീണ് വൻ നാശനഷ്ടം. ഓട്ടോറിക്ഷാ ഡ്രൈവർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഈ ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കാച്ചാർ ജില്ലയിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റ് ദുർഗ്ഗാ പൂജാ പന്തലുകൾക്കും താത്കാലിക നിർമ്മിതികൾക്കും വ്യാപകമായ കേടുപാടുകൾ വരുത്തി. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഓട്ടോറിക്ഷാ ഡ്രൈവർ തന്റെ വാഹനത്തിൽ നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് കൂറ്റൻ ഹോർഡിങ് തകർന്ന് ഓട്ടോയ്ക്ക് മുകളിലേക്ക് പതിച്ചത്. ഭയന്നോടിയ ഡ്രൈവർ നിലത്ത് വീഴുകയായിരുന്നു. തകർന്ന ഓട്ടോറിക്ഷ കണ്ട ഇയാൾ ഞെട്ടലോടെ സംഭവസ്ഥലത്ത് തന്നെ കിടന്നു.
ഹോർഡിങ് തകർന്നുവീണതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ട് ചെറിയ കാറുകൾ, ഒരു സ്കൂട്ടർ, ഒരു മോട്ടോർ സൈക്കിൾ എന്നിവയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഈ സംഭവം കാരണം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ആഘോഷങ്ങൾക്കായി തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടരുകയും ചെയ്തു. ഭാഗ്യവശാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവം അറിഞ്ഞയുടൻ അസം പോലീസ്, ദേശീയ ദുരന്ത നിവാരണ സേന, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമം ആരംഭിച്ചു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പ്രവർത്തനത്തിനൊടുവിൽ തകർന്ന വാഹനങ്ങൾ നീക്കം ചെയ്യുകയും റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കുകയും ചെയ്തു.