റോഡ് തന്റെ സ്വന്തമാണെന്ന ചിന്ത ഇല്ലാതെ വാഹനമോടിച്ചാല്‍ തീരാവുന്നതാണ് പല റോഡപകടങ്ങളും; റോഡില്‍ അശ്രദ്ധമായി ലോറി തിരിച്ചത് മൂലമുണ്ടായ അപകട വീഡിയോ; എംവിഡിയ്ക്ക് പറയാനുള്ളത്
തിരുവനന്തപുരം: വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധയും പലപ്പോഴും ആപത്തിലേക്കേ നയിച്ചിട്ടുള്ളൂ. നിരവധി അപകടങ്ങളാണ് ദിനംപ്രതി നമുക്ക് ചുറ്റും നടക്കുന്നത്. ഇത്തരത്തില്‍ അശ്രദ്ധ വലിയ അപകടത്തിലേക്ക് നയിക്കാമെന്ന് മുന്നറിയിപ്പുമായി കേരള മോട്ടോര്‍ വാഹന വകുപ്പ് സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചു.
റോഡ് തന്റെ സ്വന്തമാണെന്ന ചിന്ത ഇല്ലാതെ വാഹനമോടിച്ചാല്‍ തീരാവുന്നതാണ് പല റോഡപകടങ്ങളെന്നും രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കോടിക്കണക്കിന് വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ളത് കൂടിയാണ് പൊതുറോഡുകള്‍ എന്ന വിശാല കാഴ്ചപാട് വേണമെന്നും എംവിഡി പോസ്റ്റില്‍ പറയുന്നു. റോഡില്‍ അശ്രദ്ധമായി ലോറി തിരിച്ചത് മൂലമുണ്ടായ അപകട വീഡിയോ പങ്കുവെച്ചാണ് എംവിഡി ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
അതേസമയം ജനുവരിയിലെ കണക്കു പ്രകാരം സംസ്ഥാനത്ത് റോഡപകടങ്ങളിലുണ്ടാകുന്ന മരണനിരക്കില്‍ കുറവ് വന്നിട്ടുണ്ട്. 2023 ല്‍ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളില്‍ 4080 പേര്‍ കൊല്ലപ്പെട്ടു. 2024 ല്‍ 48836 അപകടങ്ങള്‍ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആയിരുന്നു. എഐ ക്യാമറകളും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും ചേര്‍ന്ന് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളും ഭൂരിപക്ഷം ജനങ്ങളും ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് അടക്കമുള്ളവ ശീലമാക്കിയതിനാലുമാണ് മരണ നിരക്ക് കുറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.