സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞത് 31 വര്‍ഷം; ലോട്ടറി കച്ചവടം നടത്തി വരവെ പ്രതി അറസ്റ്റില്‍
സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞത് 31 വര്‍ഷം
അമ്പലപ്പുഴ: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതിയെ 31 വര്‍ഷത്തിന് ശേഷം പോലിസ് അറസ്റ്റുചെയ്തു. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് ചൂണ്ടാണിശ്ശേരി വീട്ടില്‍ വര്‍ഗീസിനെ (61)യാണ് പുന്നപ്ര പോലീസ് അറസ്റ്റുചെയ്തത്. 1994 ഓഗസ്റ്റ് അഞ്ചിന് നടന്ന കൊലപാതകക്കേസിലാണ് അറസ്റ്റ്. പുന്നപ്ര സ്വദേശി സ്റ്റീഫനാണ് മരിച്ചത്. കൊല്ലപ്പെട്ട സ്റ്റീഫനും പ്രതികളായ മൂന്നുപേരും സുഹൃത്തുക്കളായിരുന്നു. ഇവര്‍ മൂന്നുപേരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നസമയം പ്രതികളെ ചീത്തവിളിച്ചതിലുള്ള വൈരാഗ്യം മൂലം സ്റ്റീഫനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ സ്റ്റീഫന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
രണ്ടും മൂന്നും പ്രതികളായ പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് പടിഞ്ഞാറേക്കര വീട്ടില്‍ മൈക്കിള്‍, ഫ്രാന്‍സിസ് എന്നിവരെ പോലിസ് ആ സമയത്ത് തന്നെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിരുന്നു. ഒന്നാം പ്രതിയായ വര്‍ഗീസ് ഒളിവില്‍പ്പോയി. ഇയാള്‍ക്കായി പോലിസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ വയനാട്ടിലേക്കു പോകുകയും അവിടെ തോട്ടം തൊഴിലാളിയായി ജോലിനോക്കുകയും ചെയ്തു. അതിനുശേഷം കേരളത്തിലെ വിവിധ ജില്ലകളില്‍ ഒളിവില്‍ക്കഴിഞ്ഞു. എറണാകുളത്തു താമസിച്ചുവരവേ ഇയാള്‍ക്ക് ഒരപകടം പറ്റുകയും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാവുകയും ചെയ്തു. കോട്ടയത്തെ ചികിത്സ പൂര്‍ത്തിയായശേഷം തമിഴ്നാട്ടിലേക്കു കടന്ന ഇയാള്‍ പിന്നീട് ആലപ്പുഴയില്‍ എത്തി.
ഇയാളെ കണ്ടെത്തുന്നതിനായി പുന്നപ്ര എസ്ഐ എസ്. അരുണിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിപിഒമാരായ അമര്‍ജ്യോതി, രതീഷ് എന്നിവരടങ്ങുന്ന പ്രത്യേകസംഘം രൂപവത്കരിച്ചു. ആലപ്പുഴ വണ്ടാനം ഭാഗത്ത് ഭാഗ്യക്കുറിക്കച്ചവടം നടത്തിയ ഇയാളെ പ്രത്യേകസംഘമാണ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.