തളിപ്പറമ്പ് നാടുകാണിയിലെ നിര്‍ദ്ദിഷ്ട സൂ സഫാരി പാര്‍ക്ക് : നിര്‍മാണ പ്രവര്‍ത്തന പദ്ധതിരേഖ തയ്യാറാക്കുന്നതിന് അഞ്ചംഗ വിദഗ്ധ സമിതി
തളിപ്പറമ്പ്: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാന്‍ ലക്ഷ്യമിടുന്ന തളിപ്പറമ്പ് നാടുകാണിയിലെ നിര്‍ദ്ദിഷ്ട സൂ സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള തുടര്‍നടപടികളുടെ ഭാഗമായി വിദഗ്ധ സമിതിയെ നിയോഗിച്ചു. പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിശ്ചയിച്ച് ഉത്തരവായി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്‍ എംഎല്‍എ, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
റിട്ടയേര്‍ഡ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ജെയിംസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് നിലവില്‍ വന്നത്. സന്തോഷ് ജോര്‍ജ് കുളങ്ങര, വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷന്‍, മൃഗശാല വകുപ്പ് ഡയറക്ടര്‍ മഞ്ജുള ദേവി, മൃഗശാല വകുപ്പ് മുന്‍ ഡയറക്ടര്‍ അബു എബ്രഹാം എന്നിവരാണ് മറ്റംഗങ്ങള്‍. പാര്‍ക്കിനായി നീക്കിവച്ച 252.8 ഏക്കര്‍ ഭൂമി സംസ്ഥാന മ്യൂസിയം - മൃഗശാല വകുപ്പിന് കൈമാറിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നു. ഡിപിആര്‍ തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ നേരത്തെ രണ്ട് കോടി രൂപ ബജറ്റില്‍ അനുവദിച്ചിരുന്നു. ജനുവരി അവസാനത്തോടെ വിദഗ്ധ സമിതി വിശദമായ ഡിപിആര്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. തുടര്‍ന്ന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതോടെ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും.
കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വേകുന്നതായിരിക്കും സൂ സഫാരി പാര്‍ക്ക്. മൃഗങ്ങളെ കണ്ടുകൊണ്ടുള്ള സഫാരിയാകും പ്രധാന ആകര്‍ഷണം. ഇതിനൊപ്പം മ്യൂസിയവും ബയോളജിക്കല്‍ പ്ലാന്റേഷനുമുണ്ടാകും. നിലവിലുള്ള പ്രകൃതി അതേപടി നിലനിര്‍ത്തി സ്വാഭാവിക വനവല്‍ക്കരണം നടത്തിയാകും രൂപകല്‍പ്പന. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പ്രകൃതിദത്ത ചരിത്ര മ്യൂസിയം, സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചിത്രമെഴുത്ത്, വലിയ മഴവെള്ള സംഭരണി എന്നിവയും പാര്‍ക്കിന്റെ ഭാഗമായി ഉണ്ടാകും.