വിദ്യാര്‍ഥിയുടെ പെപ്പര്‍ സ്‌പ്രേ പ്രയോഗത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ശ്വാസംമുട്ടല്‍; മതിയായ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം

Update: 2025-10-15 11:36 GMT

തിരുവനന്തപുരം: കല്ലിയൂര്‍ പുന്നമൂട് സര്‍ക്കാര്‍ സ്‌കൂളില്‍ പെപ്പര്‍ സ്പ്രേ അടിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ക്കും പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും ദേഹാസ്വാസ്ഥ്യം. രണ്ടു അധ്യാപകര്‍ക്കും ഏഴു വിദ്യാര്‍ഥികള്‍ക്കുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആറു പേരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്കു സാരമായ ശ്വാസംമുട്ടലുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഒരു വിദ്യാര്‍ഥി പെപ്പര്‍ സ്പ്രേ അടിച്ചതാണ് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണം. ചില കുട്ടികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം. ആശുപത്രി സൂപ്രണ്ടിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 9 വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപികയേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍പ് ശ്വാസം മുട്ടല്‍ വരാറുള്ള ഒരു കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

Similar News