'രാത്രികാലങ്ങളില്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് കല്ലെറിയുന്നു; ചോദ്യം ചെയ്തപ്പോള്‍ പരസ്യമായി തെറി വിളിച്ചു'; 14 കാരനെ മര്‍ദിച്ച് വനിത കോണ്‍സ്റ്റബിള്‍

Update: 2025-10-15 12:22 GMT

പാലക്കാട്: ഷൊര്‍ണൂരില്‍ പതിനാലു വയസ്സുകാരനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി. ചേലക്കര പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളായ ജാസ്മിനെതിരെയാണ് പരാതി. കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ആളുകള്‍ക്കിടയില്‍ വച്ച് പരസ്യമായി തന്നെ തെറി വിളിച്ചതിനാണ് അടിച്ചതെന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. ഷൊര്‍ണൂര്‍ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷൊര്‍ണൂര്‍ പോസ്റ്റ് ഓഫീസിന് പിറകുഭാഗത്തുള്ള വാടക കോട്ടേഴ്‌സില്‍ താമസിക്കുന്ന 14 കാരനു ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് മര്‍ദനമേറ്റത് . ഇവര്‍ താമസിക്കുന്ന കോട്ടേഴ്‌സിന് സമീപത്തായാണ് പൊലീസ് ഉദ്യോഗസ്ഥയായ ജാസ്മിനും വാടകയ്ക്ക് താമസിക്കുന്നത്.

രാത്രികാലങ്ങളില്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് കല്ലെറിയുന്നു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ചെവിക്കടിയേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു . കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. മറ്റാരോ കല്ലെറിഞ്ഞത് താനാണ് ചെയ്തതെന്ന് പറഞ്ഞ് ഒരു കാരണവുമില്ലാതെയാണ് അയല്‍വാസിയായ പൊലീസുകാരി തന്നെ മര്‍ദ്ദിച്ചതെന്ന് കുട്ടിയും മൊഴി നല്‍കി. അതേസമയം താന്‍ മര്‍ദിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥ സമ്മതിച്ചു.

Similar News