മുന്നിലൂടെ പോയ ലോറിയിൽ നിന്ന് ആസിഡ് തെറിച്ചുവീണ് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു; കഴുത്തിലും കൈയിലും മാരക പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: കൊച്ചിയിൽ വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിൽ വെച്ചുണ്ടായ അപകടത്തിൽ ലോറിയിൽ നിന്ന് തെറിച്ചുവീണ ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. തോപ്പുംപടി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്.
ലോറി റോഡിലെ ഒരു കുഴിയിൽ വീണതിനെത്തുടർന്ന്, പിന്നാലെ വരികയായിരുന്ന ബിനീഷിന്റെ ബൈക്കിൽ നിറച്ചുവന്ന ആസിഡ് തെറിച്ചുവീഴുകയായിരുന്നു. യുവാവിന്റെ കൈകളിലും കഴുത്തിലുമാണ് കൂടുതൽ പൊള്ളലേറ്റത്. അപകടത്തെത്തുടർന്ന് ഉടൻ തന്നെ ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ലോറിയിൽ ആസിഡ് കൊണ്ടുപോയത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും, ലോറിയുടെ മുകൾഭാഗം അടച്ചിരുന്നില്ലെന്നുമാണ് ലഭിക്കുന്ന വിവരം. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.