യാത്രക്കാരന്‍ ബോധംകെട്ട് വീണു; മദീനയിലേക്ക് പോയ സൗദി എയര്‍ലൈന്‍സ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ്

സൗദി എയര്‍ലൈന്‍സ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ്

Update: 2025-10-20 01:07 GMT

തിരുവനന്തപുരം: സൗദി എയര്‍ലൈന്‍സ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ജക്കാര്‍ത്തയില്‍ നിന്ന് മദീനയിലേക്ക് പോയ സൗദി എയര്‍ലൈന്‍സിന്റെ എസ് വി 817 വിമാനമാണ് അടിയന്തിര ലാന്റിങ് നടത്തിയത്. വിമാനത്തിലെ യാത്രക്കാരന്‍ ബോധംകെട്ട് വീണതോടെയാണ് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിര ലാന്റിങ് നടത്തിയത്.

ജക്കാര്‍ത്തയില്‍ നിന്ന് മദീന ലക്ഷ്യമാക്കി പറക്കുന്നതിനിടെയാണ് യാത്രക്കാരന്‍ ബോധം കെട്ട് വീണത്. ഉടന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കാന്‍ അനുമതി തേടുക ആയിരുന്നു. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ഉടന്‍ വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘവും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ബോധംകെട്ട് വീണ യാത്രക്കാരനെ പരിചരിച്ചു. പിന്നീട് ഇദ്ദേഹത്തെ ആംബുലന്‍സില്‍ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി.

വിമാനത്തില്‍ ബോധംകെട്ട് വീണ യാത്രക്കാരന്‍ ഇന്തോനേഷ്യന്‍ പൗരനെന്നാണ് വിവരം. മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനത്തിന് തുടര്‍ യാത്രയ്ക്ക് അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ബോധംകെട്ട് വീണ യാത്രക്കാരന്റെ ആരോഗ്യനില സംബന്ധിച്ചോ, ഇങ്ങനെ സംഭവിക്കാനുണ്ടായ സാഹചര്യമെന്തെന്നോ വ്യക്തമായിട്ടില്ല.

Tags:    

Similar News