ക്രൈസ്തവ മാനേജ്‌മെന്റിന്റെ കീഴില്‍ വരുന്ന എല്ലാ സ്‌കൂളുകളിലും മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണം; താമരശ്ശേരി രൂപത ബിഷപ്പിന് കിട്ടിയ കത്തില്‍ അന്വേഷണം തുടങ്ങി

Update: 2025-11-01 16:12 GMT

കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് കിട്ടിയ ഭീഷണിക്കത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഈ സാഹചര്യത്തെ ഗൗരവത്തില്‍ പോലീസ് എടുത്തിട്ടുണ്ട്.

ഹിജാബ് വിഷയം തങ്ങള്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണെന്നും 90 ശതമാനം റെവന്യൂ വരുമാനവും ലഭിക്കുന്നത് മുസ്ലീം സമുദായത്തില്‍ നിന്നാണ് ലഭിക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ മാനേജ്‌മെന്റിന്റെ കീഴില്‍ വരുന്ന എല്ലാ സ്‌കൂളുകളിലും മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന ഭീഷണി സ്വരമുള്ള കത്തിലെ ആവശ്യം. തപാലില്‍ ലഭിച്ചിരിക്കുന്ന കത്തില്‍ ഐഡിഎഫ്‌ഐ എന്ന പേരിലാണ് കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്.

കത്ത് ലഭിക്കുന്ന സമയം മാര്‍ റെമിജിയോസ് വിദേശത്തായിരുന്നു. കൈപ്പടയില്‍ എഴുതിയ കത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വന്തം കൈപ്പടയില്‍ എഴുതിയതും സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു.

Similar News