രജിസ്ട്രാറെ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കേറ്റില്‍ പ്രമേയം; തീരുമാനം അംഗീകരിക്കാതെ വിസി; ഫയല്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കും; കേരള സര്‍വ്വകലാശാലയില്‍ വിവാദം തുടരുന്നു

Update: 2025-11-01 16:24 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ താല്‍കാലിക വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാറെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് സിന്‍ഡിക്കറ്റില്‍ പ്രമേയം. 22ല്‍ 19 അംഗങ്ങളും രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍, വിഷയം ചാന്‍സലറായ ഗവര്‍ണര്‍ക്ക് അയക്കണമന്ന് വി സി ഡോ. മോഹനന്‍ കുന്നുമ്മലും രണ്ട് ബിജെപി അംഗങ്ങളും ആവശ്യപ്പെട്ടു. ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെ, യോഗതീരുമാനത്തില്‍ ഒപ്പിടാന്‍ വി സി തയ്യാറായില്ല. തുടര്‍ന്ന് യോഗം പിരിച്ചുവിട്ടു. സിന്‍ഡിക്കേറ്റിലെ പ്രമേയം ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറും. ബഹളത്തെ തുടര്‍ന്ന് യോഗം അലങ്കോലമായി. ഇതോടെ മറ്റ് അജണ്ടകളും ചര്‍ച്ച ചെയ്യാനായില്ല.

ജൂണ്‍ 25ന് ശ്രീപദ്മനാഭ സേവാസമിതി സെനറ്റ് ഹാളില്‍ നടത്തിയ പരിപാടിയില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രംവച്ചത് വിവാദമായിരുന്നു. ഗവര്‍ണറുടെ ചടങ്ങ് റദ്ദാക്കാനും ശ്രമിച്ചു. സര്‍വകലാശാല നിബന്ധന ലംഘിച്ചാണിതെന്ന് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് രജിസ്ട്രാര്‍ക്കെതിരെ നടപടിയായി മാറിയത്.

Similar News