അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം സര്‍ക്കാര്‍ വക വെറും പിആര്‍ കാമ്പെയ്ന്‍; കഴിഞ്ഞ 10 വര്‍ഷത്തെ ഭരണംകൊണ്ട് സിപിഎം കാരുടെ ദാരിദ്ര്യമാണ് മാറിയതെന്ന് പരിഹസിച്ച് ചെന്നിത്തല

Update: 2025-11-02 06:15 GMT

തിരുവനന്തപുരം: അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന പേരില്‍ കേരളാ സര്‍ക്കാര്‍ നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും പബ്ളിസിറ്റി സ്റ്റണ്ടാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം ഇല്ലാതെയായി എന്ന് ഒരു ഏജന്‍സികളും സര്‍ട്ടിഫൈ ചെയ്തിട്ടില്ല. സസ്റ്റെയിനബിള്‍ ഡവലപ്മെന്റ് ഗോള്‍സ് (SDG) എന്ന പേരില്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ടു വെയ്ക്കുന്ന 17 ഇന പരിപാടികളില്‍ ഒന്നാണ് ദാരിദ്ര്യ/അതിദാരിദ്ര്യ നിര്‍മാര്‍ജനം. ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള ഏതാണ്ട് മുപ്പത്തിയെട്ടോളം ഏജന്‍സികള്‍ ഇതിനായി അഹോരാത്രം പണിയെടുക്കുന്നുണ്ട്. ഈ സംഘടനകളുടെ ഒന്നും അംഗീകാരം കേരളസര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിന് ഇല്ല.

ഇന്ത്യയില്‍ SDG യുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഏകോപനം നിര്‍വഹിക്കുന്നത് നീതി ആയോഗ് ആണ്. കേരളസര്‍ക്കാരിന്റെ ഈ അവകാശവാദത്തിന് ഉപോല്‍ബലകമായ ഒരു രേഖയും നീതി ആയോഗില്‍ നിന്നും ലഭിച്ചിട്ടില്ല. ഇത് കേരളസര്‍ക്കാര്‍ പറഞ്ഞു പരത്തുന്ന ഒരു നുണ മാത്രമാണ്. ഒന്നരക്കോടി രൂപ ചിലവഴിച്ച ഒറ്റ ദിവസത്തെ പരിപാടിയും ശതകോടികള്‍ ചിലവഴിക്കുന്ന ഒരു പിആര്‍ കാമ്പെയ്നും മാത്രമാണിത്. അവനവനുള്ള സര്‍ട്ടിഫിക്കറ്റ് അവനവന്‍ തന്നെ അച്ചടിച്ചെടുക്കും പോലെയുള്ള ഒരു പരിപാടി മാത്രമാണിത് - രമേശ് ചെന്നിത്തല പരിഹസിച്ചു.

കേരളത്തിലെ അതിദരിദ്രരുടെ കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ആത്മാര്‍ഥതയുമില്ല. കേരളത്തിലെ ലക്ഷക്കണക്കിന് ആദിവാസികള്‍ ഭൂരഹിതരാണ്. അവര്‍ക്ക് കിടപ്പാടമില്ല, വീടില്ല, ശുചിമുറികളില്ല, പോഷകാഹാരമില്ല. ഇതൊന്നുമില്ലാത്ത ഒരു സംസ്ഥാനം എങ്ങനെയാണ് അതിദാരിദ്ര്യ വിമുക്തമെന്ന് അടയാളപ്പെടുത്തപ്പെടുന്നത്. കൊല്ലം കുന്നത്തൂര്‍ താലൂക്കിലെ മൈനാഗപ്പള്ളി പഞ്ചായത്തില്‍ ഒരാള്‍ പട്ടിണി കിടന്നു മരിക്കുകയും മൃതദേഹം തെരുവുനായ്ക്കള്‍ ഭക്ഷിക്കുകയും ചെയ്ത സംഭവമുണ്ടായത് കഴിഞ്ഞ മാസമാണ്. പ്രാദേശിക മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതാണ്. പട്ടിണി കിടന്നു മനുഷ്യര്‍ മരിക്കുന്ന ഒരു സംസ്ഥാനം കോടികള്‍ ചിലവഴിച്ച് അതിദാരിദ്ര്യവിമുക്തമെന്ന് ആഘോഷം നടത്തുന്നതിനേക്കാള്‍ വലിയ വങ്കത്തരം എന്തുണ്ട്. ഈ പിആര്‍ ക്യാമ്പെയ്നു വേണ്ടി ചിലവഴിക്കുന്ന പണമുണ്ടായിരുന്നെങ്കില്‍ നൂറു കണക്കിന് ആദിവാസി കുടുംബങ്ങള്‍ക്കു വീടുവെച്ചു നല്‍കാമായിരുന്നു.

കേരളം പൂര്‍ണമായും അതിദാരിദ്ര്യമുക്തമാകാതെ തെരഞ്ഞെടുപ്പ് മുന്നില്‍ ഈ പ്രഖ്യാപനം നടത്തിയതിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തിലെ അതിദരിദ്രര്‍ അനുഭവിക്കേണ്ടി വരും. റേഷന്‍ സംവിധാനങ്ങള്‍ വഴി കേരളത്തില്‍ വിതരണം ചെയ്യുന്ന സൗജന്യ അരി മുതലുള്ള വിവിധ കേന്ദ്രപദ്ധതികളെ ഇതെങ്ങനെ ബാധിക്കുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പ് സ്റ്റണ്ട് വഴി കേരളത്തിലെ അതിദരിദ്രര്‍ക്കാണ് പണി കിട്ടുന്നത്. കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണം കൊണ്ട് സിപിഎംകാരുടെ ദാരിദ്ര്യമാണ് മാറിയതെന്ന് ചെന്നിത്തല പരിഹസിച്ചു. സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ കോടീശ്വരന്മാരായി. അതിന്റെ കണക്കെടുത്താണ് ഈ ആഘോഷമെങ്കില്‍ മനസിലാക്കാം - ചെന്നിത്തല കളിയാക്കി.

Tags:    

Similar News