മൊബൈല്‍ ഫോണ്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമം; പ്രതിയെ നൂറു മീറ്ററോളം പിന്തുടര്‍ന്ന് പിടികൂടി വനിതാ എഎസ്‌ഐ
മൊബൈല്‍ ഫോണ്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമം; പ്രതിയെ പിടികൂടി വനിതാ എഎസ്‌ഐ
തൃശൂര്‍: മൊബൈല്‍ ഫോണ്‍ കവര്‍ന്നെടുത്തു രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ വനിതാ എഎസ്‌ഐ നൂറുമീറ്ററോളം പിന്തുടര്‍ന്ന് പിടികൂടി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പു കേന്ദ്രത്തിനു മുന്നില്‍ ഇന്നലെ രാവിലെ 9.45നാണ് സംഭവം. നിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ടി.എസ്.നിഷ ആണു വടക്കാഞ്ചേരി സ്വദേശിയായ പ്രതി അബ്ദുല്‍ റസാക്കിനെ (49) പിന്നാലെ ചെന്ന് പിടികൂടിയത്.
നിഷ പിന്നാലെ വരുന്നത് കണ്ട് റെയില്‍വേ സ്റ്റേഷനിലെ തിരക്കിനിടയിലൂടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുക ആയിരുന്നു. നിഷയുടെ 22,000 രൂപ വിലവരുന്ന ഫോണാണ് പ്രതി മോഷ്ടിച്ചത്. തൃശൂര്‍ റൂറല്‍ അഡിഷനല്‍ എസ്പിയുടെ ഓഫിസിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി നിലമ്പൂരില്‍നിന്ന് എത്തിയതായിരുന്നു നിഷ. സിവില്‍ വേഷത്തിലായിരുന്ന നിഷ ഷൊര്‍ണൂരില്‍നിന്നു കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തൃശൂരില്‍ ഇറങ്ങിയ ശേഷം കാത്തിരിപ്പുകേന്ദ്രത്തില്‍ കയറിയപ്പോള്‍ ബാഗ് കസേരയില്‍ വച്ചു.
ശുചിമുറിയില്‍നിന്ന് ഇറങ്ങുമ്പോള്‍ ഒരാള്‍ തന്റെ ബാഗിനരികില്‍നിന്നു നടന്നുനീങ്ങുന്നതാണു നിഷ കണ്ടത്. സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോള്‍ ഫോണ്‍ മോഷണം പോയതായി മനസ്സിലായി. ഉടന്‍ പുറത്തിറങ്ങി നോക്കുമ്പോള്‍ തിരക്കിലൂടെ രക്ഷപ്പെടുന്ന മോഷ്ടാവിനെ കണ്ടു. നിഷ വരുന്നതു കണ്ടു മോഷ്ടാവ് ഓടിയെങ്കിലും പ്രതിയെ നിഷ ഓടിച്ചിട്ട് പിടികൂടി റെയില്‍വേ പൊലീസിനു കൈമാറി.