സ്വകാര്യ ബസിന്റെ വാതിലിനിടയില്‍പ്പെട്ട് 12കാരന്റെ വിരല്‍ ഒടിഞ്ഞു; ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കിവിട്ടതായി ആരോപണം

സ്വകാര്യ ബസിന്റെ വാതിലിനിടയില്‍പ്പെട്ട് 12കാരന്റെ വിരല്‍ ഒടിഞ്ഞു

Update: 2025-11-07 02:49 GMT

കോവളം: സ്വകാര്യ ബസിന്റെ വാതിലിനിടയില്‍പ്പെട്ട് പന്ത്രണ്ടുകാരന്റെ കൈവിരല്‍ ഒടിഞ്ഞു. കുട്ടിയുടെ കൈയില്‍ മുറിവുണ്ടായി ചോരവാര്‍ന്നിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ ജീവനക്കാര്‍ ഇറക്കിവിട്ടെന്നും ആരോപണം. ബസില്‍ കയറുന്ന സമയത്ത് യാത്രക്കാരിലാരോ വാതില്‍ അശ്രദ്ധമായി അടച്ചതിനെത്തുടര്‍ന്നാണ് അപകടം.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെ കോവളം ജങ്ഷനിലായിരുന്നു സംഭവം. വാഴമുട്ടം മഞ്ചാടി ലെയ്നില്‍ സുനിലിന്റെയും മഞ്ജുവിന്റെയും മകന്‍, തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയുമായ കാര്‍ത്തിക്കിന്റെ (12) വലതുകൈവിരലാണ് വാതിലിനിടയില്‍പ്പെട്ടത്. ചൂണ്ടുവിരല്‍ ഒടിഞ്ഞുള്ള വേദയും കൈയുടെ മറ്റുഭാഗങ്ങളില്‍ മുറിവുമേറ്റ് രക്തം വാര്‍ന്നിരുന്നു.

ജങ്ഷനുസമീപത്തെ സെന്ററിലെ ട്യൂഷനുശേഷം സഹോദരിയും ഏഴാംക്ലാസ് വിദ്യാര്‍ഥിനിയുമായ അഖിലയ്‌ക്കൊപ്പം വാഴമുട്ടത്തുള്ള വീട്ടിലേക്കു പോകുന്നതിന് ബസില്‍ കയറുമ്പോഴായിരുന്നു കുട്ടിക്ക് അപകടമുണ്ടായത്. വാഴമുട്ടത്താണ് വീടെന്നറിയിച്ചതിനെത്തുടര്‍ന്ന് ബസിലെ കണ്ടക്ടര്‍ അവിടത്തെ ബസ് സ്റ്റോപ്പില്‍ കുട്ടികളെ ഇറക്കിവിട്ടശേഷം കടന്നുപോയെന്നുമാണ് കുട്ടിയുടെ അമ്മ മഞ്ജു ഉന്നയിച്ച പരാതി.

Tags:    

Similar News