കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള അന്തരിച്ചു; വിടവാങ്ങുന്നത് അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂര്‍ ക്യാംപസില്‍ സ്‌ക്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് ഡീന്‍
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള അന്തരിച്ചു. 67 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാവിലെ 8.30നായിരുന്നു അന്ത്യം. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ സ്വദേശിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് ഉള്ളൂരിലാണ് സ്ഥിരതാമസം.
ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അന്ത്യം. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്തനംതിട്ട സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം ഉള്ളൂരിലാണ് സ്ഥിരതാമസം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂര്‍ ക്യാംപസില്‍ സ്‌ക്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് ഡീനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കേരള സര്‍വ്വകലാശാലയിലെ ഓപ്ടോ ഇലക്ട്രോണിക്സ് വിഭാഗം മേധാവിയും അപ്ലൈഡ് സയന്‍സസ് ഫാക്കല്‍റ്റി ഡീനുമായിരിക്കെയാണ് അദ്ദേഹത്തെ കേരള സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിക്കുന്നത്. 2018ല്‍ അന്നത്തെ ഗവര്‍ണറും സര്‍വ്വകലാശാലാ ചാന്‍സലറുമായ പി സദാശിവമാണ് മഹാദേവന്‍ പിള്ളയെ നാല് വര്‍ഷത്തേക്ക് വൈസ് ചാന്‍സലറായി നിയമിച്ചത്. കേരള സര്‍വ്വകലാശാലയില്‍ നിന്ന് 1980-ല്‍ ബിഎസ്സി, 1982-ല്‍ എംഎസ്സി, 1992-ല്‍ എം.ഫില്‍., 1996-ല്‍ പിഎച്ച്ഡി എന്നിവ പൂര്‍ത്തിയാക്കി.
1982 മുതല്‍ 2001 വരെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ലക്ചറര്‍ ആയി സേവനമനുഷ്ഠിച്ചു. 2001 മെയ് 17-ന് കേരള സര്‍വ്വകലാശാലയിലെ ഓപ്ടോ ഇലക്ട്രോണിക്സ് വകുപ്പില്‍ റീഡറായി ചേര്‍ന്നു. 2005 ജൂലൈ 1ന് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. ആകെ 36 വര്‍ഷത്തെ അധ്യാപന പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. കേരള സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് (ഓപ്ടോ ഇലക്ട്രോണിക്സ്) ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. കൊച്ചിയിലെ കുസാറ്റ്, പെരിയാര്‍ യൂണിവേഴ്‌സിറ്റി, അളഗപ്പ യൂണിവേഴ്‌സിറ്റി, പണ്ഡിറ്റ് രവിശങ്കര്‍ ശുക്ല യൂണിവേഴ്‌സിറ്റി തുടങ്ങിയ വിവിധ സര്‍വ്വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു.
സര്‍വ്വകലാശാലയുടെ സെനറ്റ്, അക്കാദമിക് കൗണ്‍സില്‍, അപ്ലൈഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫാക്കല്‍റ്റി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചു. ജര്‍മ്മനിയിലെ കാള്‍സ്‌റൂഹെ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസിലെ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെന്‍സോറിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്) വിസിറ്റിംഗ് പ്രൊഫസറായിരുന്നു. മെറ്റീരിയല്‍ റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ ലൈഫ് മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നു.
