'ബേപ്പൂരിന്റെ മണ്ണില്‍ അന്‍വര്‍ വേണ്ട'; പി.വി. അന്‍വറിനെതിരെ ബേപ്പൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍

Update: 2025-12-28 11:15 GMT

കോഴിക്കോട്: പി.വി. അന്‍വറിനെതിരെ ബേപ്പൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. പി.വി. അന്‍വര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന സൂചനയോടെ അന്‍വറിനെ സ്വാഗതം ചെയ്തുകൊണ്ട് നേരത്തെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ പതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വര്‍ ബേപ്പൂരില്‍ വേണ്ടെന്ന ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് 'ബേപ്പൂരിന്റെ മണ്ണില്‍ അന്‍വര്‍ വേണ്ടേ വേണ്ട' എന്നെഴുതിയ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

അഞ്ചുദിവസങ്ങള്‍ക്കുമുമ്പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിന് അനുകൂലമായ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'പിണറായിസത്തെയും മരുമോനിസത്തെയും ഇല്ലാതാക്കാന്‍' തനിക്ക് ബേപ്പൂരില്‍ മത്സരിക്കണമെന്ന താല്‍പര്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു.

മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിക്കുന്ന അന്‍വര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കണമെന്ന ആവശ്യം ഒരു വിഭാഗം ആളുകള്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ ഡിസിസി അധ്യക്ഷന്‍ കെ. പ്രവീണ്‍കുമാറും രംഗത്ത് വന്നിരുന്നു. യു.ഡി.എഫുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നതായും ബേപ്പൂര്‍ സീറ്റ് പി.വി. അന്‍വറിന് അനുവദിക്കുമെന്നും സൂചനയുണ്ട്.

Similar News