തന്റെ പേരില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കിട്ടത് ഒരു ഇരുപതുകാരിയാണെന്ന വിവരം ഞെട്ടലുണ്ടാക്കി; അനുപമാ പരമേശ്വരന് പറയാനുള്ളത്

Update: 2025-11-09 07:27 GMT

തിരുവനന്തപുരം: സമീപകാലത്ത് താന്‍ വ്യാപകമായി സൈബര്‍ ആക്രമണം നേരിട്ടതായി നടി അനുപമ പരമേശ്വരന്‍. തന്റെ പേരില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കിട്ടത് ഒരു ഇരുപതുകാരിയാണെന്ന വിവരം ഞെട്ടലുണ്ടാക്കിയെന്നും താരം ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു. തനിക്കും കുടുംബത്തിനും നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ നിയമനടപടി സ്വീകരിച്ചതായും കേരള പൊലീസ് ദ്രുതഗതിയില്‍ നടപടികള്‍ കൈക്കൊണ്ടതായും അവര്‍ വ്യക്തമാക്കി. സൈബര്‍ ഇടങ്ങളിലൂടെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളും ഭീഷണികളും കുറ്റകരമാണ്. ഓരോ പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഭാവിയില്‍ ചെയ്തവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന് അനുപമ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

'കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ മോശവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതും എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നതും എന്റെ ശ്രദ്ധയില്‍പ്പെട്ടു. പോസ്റ്റുകളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്‍ലൈനില്‍ ഇത്തരം പ്രവണതകള്‍ കാണുന്നത് എന്നെ വളരെ വേദനിപ്പിച്ചു.

കൂടുതല്‍ അന്വേഷിച്ചപ്പോള്‍ എന്നെക്കുറിച്ച് മനഃപൂര്‍വം വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരേ വ്യക്തി ഒന്നിലധികം വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഞാന്‍ ഉടന്‍തന്നെ കേരളത്തിലെ സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ പ്രതികരണം വേഗത്തിലും കാര്യക്ഷമവുമായിരുന്നു. പൊലീസിന്റെ സഹായത്തോടെ, പോസ്റ്റുകള്‍ പങ്കുവെച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ് ഇതിന് പിന്നിലെന്നത് എന്നെ ഞെട്ടിച്ചു.

അവളുടെ പ്രായവും ഭാവിയും കണക്കിലെടുത്ത് പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുഞാന്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കണം: കൈയ്യിലൊരു സ്മാര്‍ട്ട്ഫോണും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനവും ഉണ്ട് എന്ന് കരുതി ആളുകള്‍ക്കെതിരെ അപകീര്‍ത്തി പ്രചാരണം നടത്താനോ വിദ്വേഷം പ്രചരിപ്പിക്കാനോ ആര്‍ക്കും അവകാശമില്ല. ഓണ്‍ലൈനില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനവും തെളിവുകള്‍ അവശേഷിപ്പിക്കുന്നു. ഉത്തരവാദികളെ കണ്ടെത്താനും കഴിയും.

ഈ സംഭവത്തില്‍ ഞങ്ങള്‍ നിയമനടപടി സ്വീകരിച്ചു. അപകീര്‍ത്തികരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരും. ഒരു അഭിനേതാവോ പൊതുപ്രവര്‍ത്തകനോ ആകുന്നത് അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കുന്നില്ല. സൈബര്‍ ഭീഷണി ശിക്ഷാര്‍ഹമായ കുറ്റമാണ്.'

Similar News