'ഒരു വാക്ക് എന്നോടൊന്ന് പറഞ്ഞിരുന്നെങ്കില്‍; ഒന്ന് വിളിച്ചിരുന്നുവെങ്കില്‍; വേരു പിടിക്കുന്നതിന് മുമ്പേ ഒരു പൂമരം വേരറ്റു'; അബു അരീക്കോടിന്റെ വേര്‍പാടില്‍ പി.വി. അന്‍വര്‍
കോഴിക്കോട്: കോളജ് വിദ്യാര്‍ഥിയും ഇടത് രാഷ്ട്രീയ, സമൂഹ മാധ്യമരംഗത്തെ സജീവ സാന്നിധ്യമായിരുന്ന അബു അരീക്കോടിനെ വേര്‍പാടില്‍ പ്രതികരിച്ച് മുന്‍ എം.എല്‍.എ പി.വി. അന്‍വര്‍. വേരു പിടിക്കുന്നതിന് മുമ്പേ ഒരു പൂമരം വേരറ്റെന്നും ഹൃദയത്തില്‍ സൗഹൃദത്തിന്റെ ചരടുപൊട്ടിയ വേദനയാണെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പി.വി. അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട അബുവിന്റെ വിയോഗദുഃഖം ഘനീഭവിച്ച പകലാണിന്ന്.
വേരു പിടിക്കുന്നതിന് മുമ്പേ ഒരു പൂമരം വേരറ്റ് ....
മറയില്ലാതെ നിഷ്‌കളങ്കമായി ചിരിക്കുന്ന, സംസാരിക്കുമ്പോള്‍ ആശയങ്ങളും,ശബ്ദവും ഒരുപോലെ ഗാംഭീര്യമുള്ളതായി മാറുന്ന അബു.
ആത്മീയതയും ഇടതു സൈദ്ധാന്തികതയും സമന്വയിപ്പിച്ച് ഫാഷിസത്തിനെതിരെ ഉറച്ച നിലപാട് എഴുതിയും പറഞ്ഞും അബു എന്നോ ഒരിക്കല്‍ എന്റെയും പ്രിയപ്പെട്ടവനായി.
ആശയധാരകള്‍ക്കും രാഷ്ട്രീയ ചിന്തകള്‍ക്കും അതീതമായി ആ ബന്ധം നിലനിന്നു.
ഹൃദയത്തില്‍ സൗഹൃദത്തിന്റെ ഒരു ചരട് പൊട്ടിയ വേദനയാണെനിക്ക്
പറയാതെ വന്ന്, നമ്മളറിയാതെ കടന്നുപോവുന്ന ചിലരുണ്ട്.
''നക്ഷത്രങ്ങളെപ്പോലെ''
എങ്കിലും,
''എന്തായിരുന്നാലും''
ഒരു വാക്ക്
എന്നോടൊന്ന് പറഞ്ഞിരുന്നെങ്കില്‍
ഒന്ന് വിളിച്ചിരുന്നുവെങ്കില്‍
എന്ന് ഓര്‍ത്തു പോവുന്നു.
(പി.വി അന്‍വര്‍)
നിയമവിദ്യാര്‍ഥിയും സമൂഹമാധ്യമങ്ങളിലെ സജീവ സിപിഐ എം പ്രചാരകനുമായ അബു അരീക്കോടിന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് അബുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോണ്‍ ആപ്പ് തട്ടിപ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. സിപിഎം കാരിപ്പറമ്പ് ബ്രാഞ്ച് അംഗമാണ്. വട്ടോളി വി അബൂബക്കര്‍ എന്ന അബു അരീക്കോട് (28). കൈതപ്പൊയില്‍ നോളജ് സിറ്റിയിലെ മര്‍കസ് ലോ കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ബാപ്പ: കരീം മുസ്ലിയാര്‍. ഉമ്മ: റുഖിയ. സഹോദരങ്ങള്‍: റുഫൈദ, റാഷീദ, ഫാറൂഖ്, നജീബ്, മുജീബ്, റാഫിദ, റഹീബ.
