എസ്എടി ആശുപത്രിയില്‍ യുവതിയുടെ മരണം; ചികിത്സ പിഴവെന്ന് കുടുംബം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ യുവതിയുടെ മരണത്തില്‍ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണത്തിലാണ് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചത്. ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തണമെന്നും, രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ആശുപത്രി നിന്നുള്ള അണുബാധയെ തുടര്‍ന്നാണ് ശിവപ്രിയ മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്ന് രാവിലെയാണ് ശിവപ്രിയയുടെ മരണം സ്ഥിരീകരിച്ചത്. പ്രസവത്തിനായാണ് പ്രവേശിപ്പിച്ച യുവതിയെ കഴിഞ്ഞ മാസം 22നാണ് ഡിസ്ചാര്‍ജ് ചെയ്തത്.
ആ സമയത്ത് പനിയുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ പനി കടുത്തപ്പോള്‍ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നല്ല യുവതിക്ക് അണുബാധ ഉണ്ടായതെന്നും എല്ലാ ചികിത്സയും നല്‍കിയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.