പ്രമുഖ കലാസംവിധായകന്‍ തോട്ടാതരണിക്ക് ഷെവലിയര്‍ പുരസ്‌കാരം; ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഉന്നത പുരസ്‌ക്കാരം സ്വന്തമാക്കിയത് മലയാളവും ഇംഗ്ലീഷും അടക്കം നൂറോളം സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വ്വഹിച്ച പ്രതിഭ

പ്രമുഖ കലാസംവിധായകന്‍ തോട്ടാതരണിക്ക് ഷെവലിയര്‍ പുരസ്‌കാരം

Update: 2025-11-13 04:31 GMT

ചെന്നൈ: പ്രമുഖ സിനിമാ കലാസംവിധായകന്‍ തോട്ടാതരണിക്ക് ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഷെവലിയര്‍ പുരസ്‌കാരം. ഫ്രാന്‍സിന്റെ ഉന്നതമായ സാംസ്‌കാരിക അംഗീകാരങ്ങളില്‍ ഒന്നായ ഇത് കലാസാഹിത്യ മേഖലകളിലെ മികച്ചസംഭാവനകള്‍ക്കാണ് നല്‍കി വരുന്നത്. വ്യാഴാഴ്ച ചെന്നൈയിലെ അലയന്‍സ് ഫ്രാന്‍സൈസില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്യു തരണിക്ക് പുരസ്‌കാരം സമ്മാനിക്കും.

ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകം ആഗോളതലത്തില്‍ അവതരിപ്പിച്ചതിനുള്ള അംഗീകാരമായാണ് തോട്ടാതരണിക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. തമിഴ്, മലയാളം കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നൂറോളം സിനിമകള്‍ക്ക് തോട്ടാതരണി കലാസംവിധായകനായിട്ടുണ്ട്.

മലയാളത്തില്‍ അഭിമന്യു, മിസ്റ്റര്‍ ബട്ട്ലര്‍ തുടങ്ങിയ സിനിമകളുടെയും തമിഴില്‍ നായകന്‍, ദളപതി, റോജ, അപൂര്‍വ സഹോദരങ്ങള്‍, അഞ്ജലി തുടങ്ങിയ ചിത്രങ്ങളുടെയും കലാസംവിധായകനായിരുന്നു. നേരത്തെ ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, സത്യജിത് റേ, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ക്ക് ഷെവലിയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തോട്ടാതരണിയെ അഭിനന്ദിച്ചു.

Tags:    

Similar News