പാങ്ങോട് സൈനിക ക്യാമ്പില്‍ കവര്‍ച്ച; രണ്ട് കോടി രൂപ വിലമതിപ്പുള്ള ആനക്കൊമ്പുകള്‍ മോഷണം പോയി

പാങ്ങോട് സൈനിക ക്യാമ്പില്‍ കവര്‍ച്ച

Update: 2026-02-14 03:09 GMT

തിരുവനന്തപുരം: അതീവസുരക്ഷാ മേഖലയായ പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് ആനക്കൊമ്പുകള്‍ മോഷണം പോയി. ഓഫീസേഴ്‌സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന രണ്ടുകോടി രൂപ വിലമതിപ്പുള്ള രണ്ട് ആനക്കൊമ്പുകളാണ് നഷ്ടമായത്. ബുധനാഴ്ച രാത്രി ക്യാമ്പില്‍ ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ആനക്കൊമ്പുകള്‍ നഷ്ടമായതെന്നാണ് വിവരം. ആനക്കൊമ്പുകള്‍ എവിടെയാണ് സൂക്ഷിച്ചിരുന്നതെന്ന കാര്യത്തിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 1929ല്‍ സൂക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയവയാണ് ഈ കൊമ്പുകള്‍.

ബുധനാഴ്ച രാത്രി ക്യാമ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനും ഡി.ജെ. പരിപാടികള്‍ക്ക് ഉള്‍പ്പെടെ വെളിച്ചവും ശബ്ദവും ഒരുക്കുന്നതിനുമായി പുറത്തുനിന്നുള്ള 18 പേരും എത്തിയിരുന്നു. ഈ പാര്‍ട്ടിക്ക് ശേഷമാണ് ആനക്കൊമ്പ് കാണാതായതെന്നാണ് വിവരം. പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി പുറത്ത് നിന്നെത്തിയ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ പൂജപ്പുര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാല്‍, ഇവര്‍ക്ക് മോഷണവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ വിട്ടയച്ചെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

മോഷണം പോയത് വ്യക്തമായ സാഹചര്യത്തില്‍ സൈനിക ക്യാമ്പ് അധികൃതര്‍ ഡി.ജി.പിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൂജപ്പുര പൊലീസിന് പരാതി കൈമാറി. അതിന്റെ അടിസ്ഥാനത്തില്‍ പൂജപ്പുര പൊലീസിന്റെഅന്വേഷണം പുരോഗമിക്കുകയാണ്. മിലിട്ടറി ഇന്റലിജന്‍സും അന്വേഷണത്തിലാണ്. സി.സി.ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സൈനിക കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ക്യാമ്പിനുള്ളിലേക്കും പുറത്തേക്കും കടക്കണമെങ്കില്‍ കര്‍ശനമായ സുരക്ഷാപരിശോധനകള്‍ക്ക് വിധേയമാകണം. അത് അതിജീവിച്ച് എങ്ങനെ കൊമ്പുകള്‍ കൊണ്ടുപോയെന്ന സംശയവും നില്‍ക്കുകയാണ്. ക്യാമ്പിനുള്ളിലെ ആരുടെയെങ്കിലും സഹായമില്ലാതെ ആനക്കൊമ്പ് കടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യവും പരിശോധിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Tags:    

Similar News