ദേശീയപാത നിര്‍മ്മാണം: സുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദേശം നല്‍കി ആലപ്പുഴ കളക്ടര്‍; ഗര്‍ഡര്‍ ഉയര്‍ത്തി സ്ഥാപിക്കുന്നത് ഇനി ഗതാഗത ക്രമീകരണം ഉറപ്പുവരുത്തിയ ശേഷം മാത്രം

Update: 2025-11-18 08:33 GMT

ആലപ്പുഴ: ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കര്‍ശന സുരക്ഷ ഉറപ്പുവരുത്തണമെന്ന് ദേശീയപാത അതോറിറ്റിയോടും നിര്‍മ്മാണ കമ്പനിയോടും ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് ആവശ്യപ്പെട്ടു. അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ അപകടം സംഭവിച്ച പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. അപകടത്തില്‍ നിര്‍മ്മാണ കമ്പനിക്ക് വീഴ്ച പറ്റിയതായി യോഗം വിലയിരുത്തി. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയും മേല്‍നോട്ടത്തോടെയും മാത്രമേ ഇനിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കൂ എന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു.

ഉയരപ്പാതയില്‍ ഗര്‍ഡറുകള്‍ ഉയര്‍ത്തി സ്ഥാപിക്കുന്ന സമയത്ത് പൊലീസ് സഹായത്തോടെ ഗതാഗത ക്രമീകരണവും വഴി തിരിച്ചു വിടലും ഉള്‍പ്പെടെ നടത്തിയ ശേഷം മാത്രമേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവൂ എന്ന് ജില്ലാ കളക്ടര്‍ ദേശീയപാത അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഈ സമയത്ത് വാഹനഗതാഗതം തടയുന്നതിന് കൃത്യമായി ബാരിക്കേഡുകള്‍ സ്ഥാപിക്കണം. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെ ഷെഡ്യൂള്‍ ഒരാഴ്ച മുന്‍പ് തന്നെ തയ്യാറാക്കി നിര്‍മ്മാണ കമ്പനി പൊലീസിന് നല്‍കണം. ഇതിനനുസൃതമായി പൊലീസ് ഗതാഗത ക്രമീകരണം നടത്തും. സുരക്ഷാ ഓഡിറ്റിംഗ് നടത്തുന്നതിനുള്ള റൈറ്റ്‌സ് സംഘം ഇന്ന് (ചൊവ്വാഴ്ച) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും. അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കൂടാതെ ദേശീയപാത അതോറിറ്റിയിലെ വിദഗ്ധരായ എ. കെ ശ്രീവാസ്തവ, അശോക് കുമാര്‍ മാത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷ പരിശോധന നിലവില്‍ ആരംഭിച്ചതായി ദേശീയപാത അധികൃതര്‍ യോഗത്തെ അറിയിച്ചു.

ഗതാഗതം ക്രമീകരിക്കുന്നതിനായി പൊലീസ് 25 പേരെയും നിര്‍മ്മാണ കമ്പനി 86 മാര്‍ഷല്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഇവര്‍ കൃത്യമായി ജോലി നിര്‍വഹിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്ന് കളക്ടര്‍ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ മേഖലയില്‍ നൈറ്റ് ട്രാഫിക് ഓഡിറ്റ് നടത്തും. ഗതാഗതം വഴിതിരിച്ചുവിടുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബര്‍ ആദ്യം തന്നെ പൂര്‍ത്തീകരിക്കാന്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഉയരപ്പാതയില്‍ ആകെയുള്ള 379 ബേയില്‍ 313 ബേകളുടെ പണികള്‍ പൂര്‍ത്തീകരിച്ചതായും ബാക്കി 66 ബേകളുടെയും 168 ഗര്‍ഡറുകളുടെയും പ്രവര്‍ത്തികള്‍ ഡിസംബര്‍ മാസത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ദേശീയപാത അധികൃതര്‍ യോഗത്തെ അറിയിച്ചു.

നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ഭാഗങ്ങളില്‍ പരമാവധി വേഗത്തില്‍ റോഡ് ടാറിങ് പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദേശീയപാതയില്‍ 19 സ്ഥലത്തുള്ള കയ്യേറ്റങ്ങള്‍ തിട്ടപ്പെടുത്തുന്നതിന് സര്‍വ്വേ ടീമിനെ നിയോഗിക്കും. നിര്‍മ്മാണം പൂര്‍ത്തീകരിച്ച മേഖലകളിലെ അവശിഷ്ടങ്ങള്‍ റോഡില്‍ നിന്ന് എത്രയും വേഗം നീക്കം ചെയ്യാനും നിര്‍മ്മാണ കമ്പനിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിന് ആര്‍ടിഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ട്രാഫിക് നിയന്ത്രിക്കുന്ന മാര്‍ഷലുകളുടെ വിന്യാസമടങ്ങിയ ഒരാഴ്ചത്തെ ഷെഡ്യൂള്‍ പോലീസിന് കൈമാറണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദേശീയപാതയിലെ അപകട മേഖലകളില്‍ നവംബര്‍ 25 നകം ട്രാഫിക് ഓഡിറ്റ് നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വരും ദിവസങ്ങള്‍ പരിശോധന തുടരുമെന്നും കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ ദേശീയപാത അതോറിറ്റി ഡിവിഷണല്‍ മാനേജര്‍മാര്‍, നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, പൊലീസ്, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News