അങ്കണവാടിയിൽ ഭക്ഷണം കഴിക്കവെ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് കടന്നൽ കൂട്ടം; ആക്രമണത്തിൽ 8 പേർക്ക് പരിക്ക്; സംഭവം തൃശൂരിൽ

Update: 2025-12-18 17:34 GMT

തൃശൂർ: വടക്കാഞ്ചേരി പുതുരുത്തിയിലുള്ള മഹിളാ സമാജം 166-ാം നമ്പർ അങ്കണവാടിയിൽ കടന്നൽ ആക്രമണത്തിൽ അഞ്ച് കുട്ടികളടക്കം എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. കടന്നൽ കുത്തേറ്റവരെ തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അങ്കണവാടി ഹെൽപ്പർ പുതുരുത്തി സ്വദേശിനി പാമ്പും കാവിൽ വീട്ടിൽ 56 വയസ്സുള്ള ശോഭന, ആശാവർക്കർ ബോബി വർഗീസ് (55), ജോസ് ചിരിയങ്കണ്ടത്ത് (70) എന്നിവർക്കാണ് പരിക്കേറ്റ മറ്റുളളവർ.

അങ്കണവാടിക്ക് സമീപത്തെ പറമ്പിലെ പ്ലാവിൻ കൊമ്പിലുണ്ടായിരുന്ന കടന്നൽക്കൂട് ഇളകിയതാണ് ആക്രമണത്തിന് കാരണമായത്. സംഭവം നടന്ന സമയം ഏഴ് കുട്ടികളാണ് അങ്കണവാടിയിൽ ഉണ്ടായിരുന്നത്. ഭക്ഷണം കഴിച്ച് പുറത്തുനിൽക്കുകയായിരുന്ന കുട്ടികൾക്ക് നേരെ കടന്നലുകൾ കൂട്ടമായി പാഞ്ഞടുക്കുകയായിരുന്നു.

കടന്നലുകൾ ആക്രമിച്ചതോടെ കെട്ടിടത്തിന് അകത്തേക്ക് ഓടിയ കുട്ടികളെ പൊതിഞ്ഞുപിടിച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹെൽപ്പർ ശോഭനയെ കടന്നലുകൾ വളഞ്ഞ് ആക്രമിച്ചത്. ഗുരുതരമായി കുത്തേറ്റ ശോഭന റോഡിലേക്ക് ഓടിയിറങ്ങുകയും റോഡരികിലെ കാനയിൽ വീഴുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

Tags:    

Similar News