കടയ്ക്കല്‍ സ്വദേശി താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
ജുബൈല്‍: മലയാളി യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന പ്രശാന്തിനെയാണ് താമസസ്ഥലത്തെ ആറുനില കെട്ടിടത്തിന്റെ ചുവട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ പ്രശാന്ത് 15 വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കാരണം വ്യക്തമല്ല.
നാലുവര്‍ഷത്തിലേറെയായി പ്രശാന്ത് നാട്ടില്‍ പോയിട്ട്. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ് പ്രശാന്ത്. ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവര്‍ത്തകന്‍ സലിം ആലപ്പുഴ അറിയിച്ചു