രാത്രി ഒരു അസാധാരണ മുഴക്കവും ശബ്‍ദവും; മലപ്പുറത്ത് ഭൂമി കുലുങ്ങിയെന്ന് സംശയം; നാട്ടുകാർ പരിഭ്രാന്തിയിൽ
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.20-ഓടെ ഉഗ്രശബ്ദത്തോടൊപ്പം നേരിയ പ്രകമ്പനം അനുഭവപ്പെട്ടു. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം, പറപ്പൂർ, എടരിക്കോട്, ഒതുക്കുങ്ങൽ തുടങ്ങിയ ഭാഗങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് ശക്തമായ മുഴക്കം കേട്ടതായി നാട്ടുകാർ റിപ്പോർട്ട് ചെയ്തത്.
സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന പ്രകമ്പനമാണ് ഉണ്ടായതെങ്കിലും വലിയ ഇടിമുഴക്കം പോലെയുള്ള ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. ചിലയിടങ്ങളിൽ വീടുകളുടെ ജനൽചില്ലുകൾ കുലുങ്ങുകയും വാഹനങ്ങളിൽ ഇരുന്നവർക്ക് പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു.
ഭൂചലനം ഉണ്ടായതായി ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഭൂമിക്കടിയിലെ പാറക്കെട്ടുകളിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ മൂലം പുറത്തുവരുന്ന ഊർജ്ജ തരംഗങ്ങളാകാം ഇത്തരം ശബ്ദങ്ങൾക്ക് കാരണമെന്ന് മുൻപത്തെ സമാന സാഹചര്യങ്ങളിൽ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭൂമി കുലുങ്ങിയെന്ന വാർത്ത പരന്നതോടെ നിരവധി പേർ പരിഭ്രാന്തരായി വീടിന് പുറത്തിറങ്ങി നിന്നു. സോഷ്യൽ മീഡിയ വഴിയും പലരും തങ്ങളുടെ അനുഭവം പങ്കുവെച്ചു. സമാനമായ ശബ്ദങ്ങളും പ്രകമ്പനങ്ങളും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ അധികൃതർ അറിയിച്ചു.