സെല്ലിലേക്ക് തിരികെ കയറാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായി; ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു; പുറത്തിറങ്ങിയാൽ കൊല്ലുമെന്ന് ഭീഷണി; സബ് ജയിലിൽ റിമാൻഡ് പ്രതിയുടെ അഴിഞ്ഞാട്ടം

Update: 2025-12-24 14:39 GMT

കൊച്ചി: മട്ടാഞ്ചേരി സബ് ജയിലിൽ റിമാൻഡ് പ്രതിയുടെ ആക്രമണത്തിൽ രണ്ട് അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർമാരുടെ കൈക്ക് ഗുരുതര പരിക്ക്. അസി. പ്രിസൺ ഓഫിസർമാരായ റിജുമോൻ, ബിനു നാരായണൻ എന്നിവരുടെ വലത് കൈകളാണ് ഒടിഞ്ഞത്. ബുധനാഴ്‌ച രാവിലെ ഏഴരയോടെയാണ് സംഭവം. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന തൻസീർ എന്ന പ്രതിയാണ് ആക്രമണം നടത്തിയത്.

പ്രഭാത ഭക്ഷണത്തിനുശേഷം പുറത്തുനിന്ന തൻസീറിനോട് സെല്ലിലേക്ക് തിരികെ പ്രവേശിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ആക്രമണം നടന്നത്. ഇതിൽ പ്രകോപിതനായ പ്രതി കുടിവെള്ള പാത്രത്തിന്റെ ഇരുമ്പു മൂടി ഉപയോഗിച്ച് റിജുമോനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ബിനു നാരായണന്റെ കൈ പിടിച്ച് തിരിക്കുകയും ചെയ്തു. ഇരുവരുടെയും വലത് കൈക്കാണ് ഒടിവ് സംഭവിച്ചത്.

ആക്രമണത്തിനുശേഷം, താൻ പുറത്തിറങ്ങിയാൽ ഇരുവരെയും കൊല്ലുമെന്ന് തൻസീർ ഭീഷണിപ്പെടുത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ തൻസീർ, തോപ്പുംപടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ടാണ് മട്ടാഞ്ചേരി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലെത്തിയത്.

സംഭവത്തിൽ ബിഎൻഎസ് 118 (2), 121 (2), 132, 351 (2) എന്നീ വകുപ്പുകൾ പ്രകാരം തൻസീറിനെതിരെ തോപ്പുംപടി പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ, കോടതിയുടെ അനുമതിയോടെ മാത്രമേ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ സാധിക്കൂ എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. 

Tags:    

Similar News