പമ്പയാറ്റില്‍ സിനിമയെ വെല്ലുന്ന രംഗങ്ങള്‍; മാല പൊട്ടിച്ച് പുഴയില്‍ ചാടിയ മോഷ്ടാവിനെ നീന്തിപ്പിടിച്ച് പോലീസ്
കോഴഞ്ചേരി: സ്വര്‍ണ്ണമാല കവര്‍ന്ന് പമ്പയാറ്റില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി ആറന്മുള പോലീസ്. തെക്കേമല കുറുന്താര്‍ സ്വദേശി രാജേഷിനെയാണ് പോലീസ് സംഘം കീഴ്‌പ്പെടുത്തിയത്. കോഴഞ്ചേരിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
കോഴഞ്ചേരി പുതിയ പാലത്തിന് സമീപം താമസിക്കുന്ന പ്രസന്നയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു പ്രതി. വീട്ടമ്മയുടെ വായ പൊത്തിപ്പിടിച്ച് നാല് പവന്റെ മാല പൊട്ടിച്ചു. സ്ഥലത്തെത്തിയ ആറന്മുള എസ്ഐ ആഷില്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ അടുത്തുള്ള കാട്ടിലേക്ക് ഓടിക്കയറി രാജേഷ്. രക്ഷയില്ലാതെ വന്നപ്പോള്‍ പമ്പയാറ്റിലേക്ക് ചാടുകയായിരുന്നു.
നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സി.പി.ഒമാരായ എം.എ. അഖേഷും ജി. കിരണും പിന്നാലെ പുഴയിലേക്ക് ചാടി. പുഴയുടെ നടുവില്‍ വെച്ച് പ്രതിയെ തടഞ്ഞെങ്കിലും ശക്തമായി പ്രതിരോധിച്ചു. മല്‍പിടുത്തത്തിനൊടുവിലാണ് പ്രതിയെ കരയ്‌ക്കെത്തിച്ചത്. പ്രതിയെ വലിച്ചുകയറ്റുന്നതിനിടെ പാറയില്‍ തട്ടി എസ്ഐ ആഷില്‍ രവിയുടെ കാലിന് പൊട്ടലേറ്റു. കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
നിരവധി കേസുകളില്‍ പ്രതിയായ രാജേഷിനെ വീട്ടമ്മ തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണമാല ഇതുവരെ കണ്ടെത്താനായിട്ടില്ല; ഇതിനായുള്ള തിരച്ചില്‍ തുടരുകയാണ്.