ഗുണ്ടകളെ അടിച്ചമര്‍ത്താന്‍ കമ്മീഷണര്‍ ഹേമലത; ഗുണ്ടാപ്പകയില്‍ നടുങ്ങി കരുനാഗപ്പള്ളി; അലുവ അതുല്‍ വധക്കേസിലെ പ്രതികള്‍ 12 മണിക്കൂറിനുള്ളില്‍ വലയില്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്ന കേസിലെ ആറു പ്രതികളെയും പോലീസ് അതിസാഹസികമായി പിടികൂടി. കൊല്ലം അലുവ സ്വദേശി അതുല്‍ (26) കൊല്ലപ്പെട്ട കേസില്‍ കൃത്യം നടന്ന് 12 മണിക്കൂറിനുള്ളിലാണ് പ്രധാന പ്രതികളെല്ലാം പിടിയിലായത്. ഗുണ്ടാ ആക്രമണങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പോലീസിന്റേതെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഹേമലത വ്യക്തമാക്കി.
ശനിയാഴ്ച പകല്‍ 11.15-ഓടെ പുതിയകാവിലെ പെട്രോള്‍ പമ്പിന് സമീപമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കാറില്‍ സഞ്ചരിക്കുകയായിരുന്ന അതുലിനെ ഹരിയാന രജിസ്‌ട്രേഷനുള്ള വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് അതുലിനെ പുറത്തേക്ക് വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
പ്രതികള്‍ രക്ഷപ്പെട്ട കാറിന്റെ ദൃശ്യങ്ങള്‍ ദേശീയപാതയിലെ എ.എന്‍.പി.ആര്‍ ക്യാമറകളില്‍ പതിഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. ഒരു മണിക്കൂറോളം നീണ്ട സിനിമാ സ്‌റ്റൈല്‍ പിന്തുടരലിന് ഒടുവിലാണ് പ്രതികളെ പോലീസ് കീഴടക്കിയത്. കൊല്ലപ്പെട്ട അതുല്‍ കഴിഞ്ഞവര്‍ഷം കരുനാഗപ്പള്ളിയില്‍ നടന്ന ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയായിരുന്നു. ജിം സന്തോഷിനെ വീട്ടില്‍ കയറി അമ്മയുടെ മുന്നിലിട്ട് കൊലപ്പെടുത്തിയതിലുള്ള പകയാകാം പുതിയകാവിലെ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
കൊലപാതകം ആസൂത്രണം ചെയ്തവര്‍ക്കും വാഹനം നല്‍കി സഹായിച്ചവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. ഈ അക്രമിസംഘത്തിന് പിന്നിലുള്ള മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കമ്മീഷണര്‍ പറഞ്ഞു. കുറ്റവാളികളെ പിടികൂടുന്നതില്‍ നാട്ടുകാരുടെയും മാധ്യമങ്ങളുടെയും സഹകരണം പോലീസിന് വലിയ തുണയായെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. മരിച്ച അതുല്‍ പരേതനായ അശോകന്റെയും രജനിയുടെയും മകനാണ്. ഭാര്യ: പ്രതീഷ. മകന്‍: ആത്മജ്. കൂടെയുണ്ടായിരുന്ന മനു (കുക്കു) പരിക്കുകളോടെ രക്ഷപ്പെട്ടു.