സംസ്ഥാനത്ത് കടുത്ത ചൂട്: ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി; ഉച്ചസമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക

Update: 2026-03-15 09:03 GMT

തിരുവനന്തപുരം: കേരളത്തില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ വേണമെന്ന് അതോറിറ്റി അറിയിച്ചു.

പ്രധാന നിര്‍ദേശങ്ങള്‍:

സമയക്രമീകരണം: പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കേണ്ടതാണ്.

ജലപാനം: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. യാത്ര ചെയ്യുന്നവര്‍ എപ്പോഴും ഒരു കുപ്പി വെള്ളം കയ്യില്‍ കരുതുക.

വസ്ത്രധാരണം: അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: ക്ലാസ് മുറികളില്‍ വായുസഞ്ചാരവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണം. കുട്ടികളെ വെയിലേല്‍ക്കുന്ന അസംബ്ലികളിലോ വിനോദയാത്രകളിലോ ഈ സമയത്ത് പങ്കെടുപ്പിക്കരുത്.

പ്രത്യേക ശ്രദ്ധ വേണ്ടവര്‍: മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ 11 മുതല്‍ 3 വരെ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മറ്റ് മുന്‍കരുതലുകള്‍:

തീപിടുത്തം: മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ തീപിടുത്ത സാധ്യതയുള്ളതിനാല്‍ ഫയര്‍ ഓഡിറ്റും സുരക്ഷാ മുന്‍കരുതലും സ്വീകരിക്കണം.

കാട്ടുതീ: വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ പടരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.

ഓണ്‍ലൈന്‍ ഡെലിവറി: ഇരുചക്ര വാഹനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്ക് ഉച്ചസമയത്ത് വിശ്രമിക്കാനുള്ള അനുവാദം സ്ഥാപനങ്ങള്‍ നല്‍കണം.

മൃഗസംരക്ഷണം: കന്നുകാലികളെ ഉച്ചവെയിലില്‍ മേയാന്‍ വിടരുത്. വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കണം. കുട്ടികളെയോ മൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്.

അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Similar News