കസ്റ്റംസ് ഓഫീസറാണെന്ന പേരിൽ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചു; പിന്നാലെ സ്വർണം ലേലത്തിൽ പിടിച്ച് നൽകാമെന്ന് വാഗ്ദാനം; യുവാവിൽനിന്ന്‌ ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

Update: 2026-03-15 02:26 GMT

കഴക്കൂട്ടം: കസ്റ്റംസ് ഉദ്യോഗസ്ഥയാണെന്ന് വിശ്വസിപ്പിച്ച് സ്വർണം കുറഞ്ഞ വിലയ്ക്ക് ലേലത്തിൽ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 13.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. തോന്നയ്ക്കൽ സൗപർണിക ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ദീപകുമാരിയെയാണ് (41) കോന്നിയിൽനിന്ന് കഴക്കൂട്ടം പോലീസ് പിടികൂടിയത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയാണ് ദീപകുമാരി തട്ടിപ്പ് നടത്തിയത്. പിടിച്ചെടുത്ത സ്വർണം ലേലത്തിലൂടെ 25 പവൻ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് ഇവർ കഴക്കൂട്ടം വടക്കുംഭാഗം സ്വദേശിയായ യുവാവിനെ വിശ്വസിപ്പിക്കുകയായിരുന്നു. ഈ വാഗ്ദാനം വിശ്വസിച്ച് 2025 സെപ്റ്റംബറിൽ മൂന്ന് തവണകളായി 13.50 ലക്ഷം രൂപ യുവതിക്ക് കൈമാറി. പണം ലഭിച്ചശേഷം ദീപകുമാരി ഒളിവിൽ പോവുകയായിരുന്നു.

തുടർന്ന് യുവാവ് കഴക്കൂട്ടം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോന്നിയിൽനിന്ന് ഇവരെ പിടികൂടിയത്. സമാനമായ രീതിയിൽ മറ്റ് പല സാമ്പത്തിക തട്ടിപ്പുകളും ഇവർ നടത്തിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News