മാല പൊട്ടിച്ച് 'പമ്പ കടക്കാന്‍' നോക്കി; ആറന്മുള പോലീസ് ആറ്റില്‍ ചാടി പ്രതിയെ പിടിച്ചു
മാല പൊട്ടിച്ച് 'പമ്പ കടക്കാന്‍' നോക്കി; ആറന്മുള പോലീസ് ആറ്റില്‍ ചാടി പ്രതിയെ പിടിച്ചു
ആറന്മുള: വീട്ടമ്മയുടെ മൂന്നു പവനില്‍ അധികം വരുന്ന സ്വര്‍ണ്ണ മാലയും താലിയും പൊട്ടിച്ചെടുത്ത് ഓടുന്നതിനിടെ രക്ഷപ്പെടാനായി പമ്പയാറ്റില്‍ ചാടിയ പ്രതിയെ പിന്നാലെ ആറ്റില്‍ ചാടി ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള കുഴിക്കാല സ്വദേശി കുറുന്താര്‍ കാവിന് മേലേതില്‍ വീട്ടില്‍ രാജേഷ് കുമാര്‍ (36) നെയാണ് ആറന്മുള പോലീസ് സ്റ്റേഷനിലെ കിരണ്‍ , ആകേഷ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ ജീവന്‍ പണയം വച്ച് പമ്പയാറ്റില്‍ ചാടി പിടികൂടിയത്.
ആറന്മുള വഞ്ചിത്ര സ്വദേശിനി മേലകത്തില്‍ തുണ്ടിയില്‍ വീട്ടില്‍ പ്രസന്ന (62) യുടെ മാലയാണ് പ്രതി അപഹരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീടിന്റെ ഗേറ്റ് അടക്കുന്നതിനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ പതുങ്ങിയിരുന്ന പ്രതി സ്വര്‍ണ്ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ പെട്ടെന്ന് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതനുസരിച്ച് എസ്‌ഐ ആഷില്‍ രവിയുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ പോലീസ് എത്തിയെങ്കിലും ഇയാള്‍ സമീപത്തെ മുളങ്കാട്ടില്‍ ഒളിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ പ്രതി മുളകാട്ടില്‍ നിന്നും പമ്പയാറ്റില്‍ ചാടി നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചു.
പോലീസ് ഉദ്യോഗസ്ഥര്‍ പിന്നാലെ ചാടി ആറിന് നടുവില്‍ നിന്ന് ഇയാളെ കരക്ക് എത്തിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ടക യുടെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. ഏറെനേരം പണിപ്പെട്ട് പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.