ശബരിമല സ്വര്‍ണക്കൊള്ള; പ്രതി എ.പത്മകുമാറിനെ മണ്ഡലം കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി സിപിഎം; ഓമല്ലൂര്‍ ശങ്കരന്‍ പുതിയ കണ്‍വീനര്‍

ശബരിമല സ്വര്‍ണക്കൊള്ള; പ്രതി എ.പത്മകുമാറിനെ മണ്ഡലം കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി സിപിഎം

Update: 2026-03-15 16:31 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിനെ ആറന്മുള മണ്ഡലം എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. പത്മകുമാറിന് പകരമായി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂര്‍ ശങ്കരനെ പുതിയ കണ്‍വീനറായി ചുമതലപ്പെടുത്തി.

കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വന്നെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി. പത്മകുമാറിനെതിരെ കൂടുതല്‍ സംഘടനാപരമായ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി നാളെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നേരത്തെ, സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പങ്കാളിത്തത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ നേതൃത്വം പത്മകുമാറിനോട് വിശദീകരണം തേടിയിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുമാണ് അദ്ദേഹം മറുപടിയില്‍ അവകാശപ്പെട്ടത്.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഭവിച്ചപ്പോഴും, പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴും പത്മകുമാര്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായി തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലില്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

Tags:    

Similar News