മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടി; പ്രളയ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടി; പ്രളയ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്
കുമളി: വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിനു മുന്നോടിയായി തമിഴ്‌നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നല്‍കി. വൈകിട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയിലെത്തിയത്. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്.
വെള്ളം കൊണ്ടുപോകുന്നതു തമിഴ്‌നാട് നിര്‍ത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചതുമാണു ജലനിരപ്പ് ഉയരാന്‍ കാരണം. 19നു ജലനിരപ്പ് 133.75 അടിയായിരുന്നു. 20ന് 135 അടിയായി ഉയര്‍ന്നു. 24നു ജലനിരപ്പ് 138.65 അടിയായി വര്‍ധിച്ചതോടെ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നതു പുനരാരംഭിച്ചു. സെക്കന്‍ഡില്‍ 400 ഘനയടി വെള്ളമാണ് 24നു തുറന്നുവിട്ടത്. ജലനിരപ്പ് 136ല്‍ എത്തിയപ്പോള്‍ ആദ്യ ജാഗ്രതാ നിര്‍ദേശവും 138ല്‍ രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണു ജലനിരപ്പ് 140ല്‍ എത്തിയപ്പോള്‍ ആദ്യ പ്രളയ മുന്നറിയിപ്പ് നല്‍കിയത്. പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന നിലയിലായതിനാല്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായാലും ആശങ്കപ്പെടാനില്ല.