വിവാഹവേദിയില്‍നിന്ന് വരന്റെ കൈപിടിച്ച് പ്രചാരണ ചൂടിലേക്ക്; മേഘ്‌നയുടെ തിരഞ്ഞെടുപ്പാവേശത്തിന് ശക്തിപകരാന്‍ അനുജും

വിവാഹവേദിയില്‍നിന്ന് വരന്റെ കൈപിടിച്ച് പ്രചാരണ ചൂടിലേക്ക്

Update: 2025-11-26 01:55 GMT

കല്ലമ്പലം: വിവാഹവേദിയില്‍നിന്ന് വരന്റെ കൈപിടിച്ച് പ്രചരണചൂടിലേക്ക് ഇറങ്ങി മേഘ്‌ന. വിവാഹ ചടങ്ങുകള്‍ വെട്ടിക്കുറച്ച് മേഘന നേരേ പോയത് തന്റെ വോട്ടര്‍മാരുടെയിടയിലേക്കാണ്. വിവാഹ വേഷത്തില്‍ വരന്റെ കൈ പിടിച്ച് വോട്ടഭ്യര്‍ത്ഥനയുമായി എത്തിയ സ്ഥാനാര്‍ത്ഥി നാട്ടുകാര്‍ക്കും കൗതുകമായി. ഒറ്റൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡായ കല്ലമ്പലത്തു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി എ.എസ്.മേഘനയാണ് കതിര്‍മണ്ഡപത്തില്‍നിന്ന് വിവാഹച്ചടങ്ങുകള്‍ ചുരുക്കി തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയത്.

പ്രിയതമയുടെ തിരഞ്ഞെടുപ്പാവേശത്തിനു ശക്തിപകര്‍ന്ന് വരന്‍ അനോജും കട്ടയ്ക്ക് കൂടെയുണ്ട്. മാവിന്‍മൂട് പുതുവല്‍വിള വീട്ടില്‍ സുധര്‍മ്മന്റെയും അജിതകുമാരിയുടെയും മകള്‍ മേഘനയുടെയും നെടുംപറമ്പ് പുരവൂര്‍കോണം അനുജാ ഭവനില്‍ അനില്‍കുമാറിന്റെയും സുജയയുെടയും മകന്‍ അനോജിന്റെയും വിവാഹം തിങ്കളാഴ്ച രാവിലെ ശിവഗിരി ശാരദാമഠത്തില്‍െവച്ചാണ് നടന്നത്. വിവാഹ ശേഷം ഇരുവരും ഒന്നിച്ച് അതേ വേഷത്തില്‍ വോട്ടഭ്യര്‍ത്ഥനയുമായി നാട്ടുകാര്‍ക്ക് ഇടയിലേക്ക് ഇറങ്ങുക ആയിരുന്നു.

കല്യാണത്തീയതി നിശ്ചയിച്ചതിനു ശേഷമാണ് മേഘ്‌ന മത്സരിക്കാന്‍ തീരുമാനിച്ചതും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതും. വിദ്യാര്‍ഥിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയാണ് മേഘന പൊതുരംഗത്തേക്കു കടന്നുവന്നത്. ശിവഗിരി എസ്എന്‍ കോളേജില്‍നിന്ന് ബിഎസ്സി കെമിസ്ട്രിയില്‍ ബിരുദവും കിളിമാനൂര്‍ മഹാത്മാഗാന്ധി ഫാര്‍മസി കോളേജില്‍നിന്ന് ഫാര്‍മസി കോഴ്‌സും പാസായിട്ടുണ്ട്.

Tags:    

Similar News