ഇന്‍സ്റ്റഗ്രാം വഴി പരിചയം; എട്ടാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയുമായി മധുരയിലും ഗോവയിലും കറക്കം: 14കാരിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 26കാരന്‍ അറസ്റ്റില്‍

എട്ടാം ക്ലാസുകാരിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 26കാരന്‍ അറസ്റ്റില്‍

Update: 2025-11-27 04:31 GMT

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായി നാടുവിട്ട 26 വയസ്സുകാരനെ വര്‍ക്കല പോലീസ് പിടികൂടി. വര്‍ക്കല തുമ്പോട് തൊഴുവന്‍ചിറ സ്വദേശിയായ ബിനുവാണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി മധുരയിലും ഗോവയിലും കറങ്ങി നടന്ന ശേഷം എറണാകുളത്ത് എത്തിയപ്പോള്‍ പോലിസ് അറസ്റ്റ് ചെയ്യുക ആയിരുന്നു.


ഇന്‍സ്റ്റഗ്രാം വഴിയുള്ള സൗഹൃദം പ്രണയമായി. ഒക്ടോബര്‍ 18-ന് ഇയാള്‍ പെണ്‍കുട്ടിയുമായി ആദ്യം തിരുവനന്തപുരത്തേക്ക് എത്തി. അവിടെ നിന്നാണ് പിന്നീട് മധുരയിലേക്ക് പോയത്. മധുരയില്‍ ഒരു ദിവസം താമസിച്ച ശേഷം അടുത്ത ദിവസം തന്നെ ഇവര്‍ ഗോവയിലേക്ക് പോവുകയായിരുന്നു. ഗോവയില്‍ ചിലവഴിച്ച ശേഷം ഇരുവരും തിരികെ എറണാകുളത്തേക്ക് എത്തി. എറണാകുളത്ത് നിന്ന് വീണ്ടും തമിഴ്നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വര്‍ക്കല പോലീസ് ഇരുവരേയും പിടികൂടിയത്.

ഗോവയിലും മധുരയിലും വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇരുവരെയും പോലിസ് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ മാതാപിതാക്കള്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ആദ്യ ഘട്ടത്തില്‍ പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നത് കേസ് അന്വേഷണത്തിന് തടസമായി.

തുടര്‍ന്ന്, പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിലൂടെയാണ് ഇവര്‍ ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് പോയ കാര്യം മനസ്സിലാക്കിയത്. വര്‍ക്കല പോലീസ് തിരുവനന്തപുരത്തേക്ക് എത്തിയപ്പോഴേക്കും അവര്‍ അവിടുന്ന് മധുരയിലേക്ക് പോയിരുന്നു. പോലീസ് മധുരയില്‍ എത്തിയ സമയത്ത് ഇവര്‍ ഗോവയിലേക്ക് കടന്നു. ഗോവയില്‍ നിന്ന് തിരികെ എറണാകുളത്തേക്ക് എത്തിയ സമയത്താണ് പോലീസ് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടിയത്.

Tags:    

Similar News