ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; 57 കിലോ കഞ്ചാവുമായി കമ്പത്ത് നിന്നും മൂന്ന് യുവാക്കള്‍ അറസ്റ്റില്‍: പിടിയിലായത് ഇടുക്കി സ്വദേശികള്‍

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍:

Update: 2025-12-01 00:18 GMT

കുമളി: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്നംഗ സംഘം അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ മൂന്ന് യുവാക്കളാണ് കമ്പം ബൈപ്പാസില്‍ വെച്ച് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 57 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇടുക്കിക്കാരായ മുഹമ്മദ് ജിസാസ്, ആസാദ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്.

കേരളത്തില്‍ നിന്നുള്ള ചിലര്‍ കഞ്ചാവ് കടത്തുമായി ബന്ധപെട്ട് എത്തിയിട്ടുള്ളതായി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കടത്ത് സംഘം പിടിയിലായത്. തേനി ജില്ലയിലെ കമ്പം ബൈപ്പാസിലുള്ള മണികട്ടി ആലമരത്തിന് സമീപത്ത് വെച്ചാണ് മുവര്‍ സംഘം പിടിയിലായത്.

തെലങ്കാന രജിസ്‌ട്രേഷന്‍ ഉള്ള കാറില്‍ 18 കെട്ടുകളായി സൂക്ഷിച്ചിരുന്ന 57 കിലോ കഞ്ചാവും കാറും കസ്റ്റഡിയിലെടുത്തു. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തില്‍ വില്‍ക്കാന്‍ കൊണ്ടുവരുകയായിരുന്നു ഇവര്‍. കോടതിയില്‍ ഹാജരാക്കിയ മൂന്നു പേരെയും റിമാന്റ് ചെയ്തു.

Tags:    

Similar News