കിഫ്ബിക്കു നേരെയുള്ള കടന്നാക്രമണം കേരളത്തിനും കേരളത്തിന്റെ വികസനത്തിനും നേരെയുള്ള കടന്നാക്രമണം; ഇഡിയുടേത് രാഷ്ട്രീയ കളിയെന്ന് സിപിഎം സെക്രട്ടറി
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും സമാനമായ രീതിയില്‍ ഇ ഡി നോട്ടീസ് അയച്ചിരുന്നു. ഈ കളികള്‍ കേരളം കൃത്യമായി മനസിലാക്കും. ഒരു ലക്ഷം കോടി രൂപയുടെ വികസനപ്രവര്‍ത്തനത്തിനാണ് കിഫ്ബി നേതൃത്വം കൊടുത്തത്. കിഫ്ബി വഴി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണാം. കേരളത്തിന്റെ പശ്ചാത്തല സൗകര്യത്തെ ലോകോത്തരമായ രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച, 140 നിയോജക മണ്ഡലങ്ങളിലും ഫലപ്രദമായ നിക്ഷേപങ്ങള്‍ നടത്തിയ കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനായി കാലങ്ങളായി ശ്രമം നടക്കുന്നുണ്ട്.
മുമ്പ് നോട്ടീസ് അയച്ചപ്പോഴും എന്തിനാണ് തന്നെ വിളിച്ചതെന്ന് തോമസ് ഐസക് ഉയര്‍ത്തിയ ചോദ്യത്തിന് ഇ ഡി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതിനുപിന്നാലെയാണ് വീണ്ടും നോട്ടീസ് അയയ്ക്കുന്നത്. ഇത് ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ്. കേരളത്തെ തകര്‍ക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇ ഡി നോട്ടീസ്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കിഫ്ബിക്കു നേരെയുള്ള കടന്നാക്രമണം കേരളത്തിനും കേരളത്തിന്റെ വികസനത്തിനും നേരെയുള്ള കടന്നാക്രമണമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.