ശബരിമല നടവരവില്‍ റെക്കോര്‍ഡ് വര്‍ധന; 15 ദിവസം പിന്നിടുമ്പോള്‍ ആകെ വരവ് 92 കോടി രൂപ

ശബരിമല നടവരവില്‍ റെക്കോര്‍ഡ് വര്‍ധന

Update: 2025-12-02 01:53 GMT

ശബരിമല: ശബരിമല നടവരവില്‍ ഇത്തവണ ഉണ്ടായത് വന്‍വര്‍ധന. മണ്ഡലകാലം തുടങ്ങി 15 ദിവസം പിന്നിടുമ്പോള്‍ ശബരിമലയിലെ ആകെ വരവ് 92 കോടി രൂപ. കഴിഞ്ഞ സീസണില്‍ ഇതേ കാലയളവില്‍ ലഭിച്ചതിനെക്കാള്‍ 33.33 ശതമാനം കൂടുതലാണ് ഇത്തവണത്തെ നടവരവ്. 69 കോടിയായിരുന്നു കഴിഞ്ഞ മണ്ഡലകാലത്ത് ഈ കാലയളവിലെ വരവ്. അരവണ നല്‍കിയതില്‍മാത്രം ഇത്തവണ 47 കോടി രൂപ ലഭിച്ചു. കഴിഞ്ഞവര്‍ഷം ആദ്യത്തെ 15 ദിവസം ലഭിച്ചത് 32 കോടിയായിരുന്നു. 46.86 ശതമാനമാണ് വര്‍ധന.

അപ്പം കൊടുത്തതില്‍നിന്ന് ഇതുവരെ 3.5 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു. കാണിക്കയിലെ വരവ് 2024-ല്‍ ഇതേസമയം 22 കോടി ആയിരുന്നപ്പോള്‍ ഈ സീസണില്‍ അത് 26 കോടിയായി. 18.18 ശതമാനം വര്‍ധന. ഈ സീസണില്‍ 15 ദിവസംകൊണ്ട് 12.47 ലക്ഷം പേരാണ് മലകയറിയത്. കഴിഞ്ഞ സീസണിലേതിനെക്കാള്‍ ഒരുലക്ഷത്തിലേറെ പേരുടെ വര്‍ധന.

ഈ മണ്ഡലസീസണ്‍ തുടങ്ങുമ്പോള്‍ 46 ലക്ഷം ടിന്‍ അരവണയുടെ കരുതല്‍ ശേഖരം ഉണ്ടായിരുന്നു. ഇനി കരുതല്‍ ശേഖരമായി 27 ലക്ഷമാണുള്ളത്. സന്നിധാനത്തെ ആഴിക്ക് സമീപത്തുള്ള 10 കൗണ്ടറുകളിലൂടെയും മാളികപ്പുറത്തുള്ള എട്ട് കൗണ്ടറുകളിലൂടെയുമാണ് അപ്പം, അരവണ എന്നിവ കൊടുക്കുന്നത്. അയ്യപ്പഭക്തര്‍ക്ക് പോസ്റ്റലായി അപ്പവും അരവണയും വാങ്ങാനുള്ള സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News