പമ്പ സര്‍വീസിലൂടെ കെഎസ്ആര്‍ടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്നത് ശരാശരി 50 ലക്ഷം; ശബരിമലയില്‍ നേട്ടമുണ്ടാക്കി കെ എസ് ആര്‍ ടി സി
ശബരിമല: മണ്ഡല-മകര വിളക്ക് സീസണ്‍ തുടങ്ങിയശേഷം പമ്പ സര്‍വീസിലൂടെ കെഎസ്ആര്‍ടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്നത് ശരാശരി 50 ലക്ഷം. പമ്പ-നിലയ്ക്കല്‍ 180 ചെയിന്‍ സര്‍വീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിവസവും 275-300 ദീര്‍ഘദൂര സര്‍വീസുകളും നടത്തുന്നു. ഇത് ഭൂരിഭാഗവും മധ്യകേരളത്തില്‍ നിന്നും തെക്കന്‍ കേരളത്തില്‍ നിന്നുമാണ്. ചൊവ്വാഴ്ച്ച 300 പമ്പ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തി. തിങ്കളാഴ്ച്ച ഇത് 275 ആയിരുന്നു.
പമ്പ-കോയമ്പത്തൂര്‍, പമ്പ-തെങ്കാശി അന്തര്‍ സംസ്ഥാന സര്‍വീസുകളുമുണ്ട്. തീര്‍ഥാടകരുടെ ഭാഗത്ത് നിന്ന് ആവശ്യമുയര്‍ന്നാല്‍ മലബാര്‍ ഭാഗത്ത് നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്താമെന്നും ഡിമാന്റ് ഉണ്ടെങ്കില്‍ തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും സര്‍വീസുകള്‍ തുടങ്ങാന്‍ സാധിക്കുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. ശബരിമല സീസണ്‍ പ്രമാണിച്ച് വിവിധ ഡിപ്പോകളില്‍ നിന്നും അധികമായി വിന്യസിച്ചത് ഉള്‍പ്പെടെ 290 ഡ്രൈവര്‍മാരും 250 കണ്ടക്ടര്‍മാരുമാണ് നിലവില്‍ ഡ്യൂട്ടിയിലുള്ളത്.