കഞ്ചാവ് കേസില്‍ എട്ടുവര്‍ഷമായി ഒളിവില്‍കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍; പ്രതിയെ കീഴടക്കിയത് ബലപ്രയോഗത്തിലൂടെ
കഞ്ചാവ് കേസില്‍ എട്ടുവര്‍ഷമായി ഒളിവില്‍കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍
മൂന്നാര്‍: കഞ്ചാവ് കേസില്‍ എട്ടുവര്‍ഷമായി ഒളിവില്‍കഴിഞ്ഞിരുന്നയാള്‍ എക്സൈസ് പിടിയില്‍. ഇടമലക്കുടി സ്വദേശി ചീനിമുത്തുവാണ് പിടിയിലായത്. 2017-ല്‍ ഇടമലക്കുടിയില്‍നിന്ന് 90 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിലാണ് അറസ്റ്റ്. രണ്ടാംപ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോകുകയായിരുന്നു. തമിഴ്‌നാട് തിരുപ്പൂര്‍ ആനമല കടുവാസങ്കേതത്തിലെ മേല്‍കുറുമേല്‍ ഭാഗത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലായത്. ഇടുക്കി എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പിടികൂടിയത്. കേസിലെ ഒന്നാംപ്രതിക്ക് തൊടുപുഴ എന്‍ഡിപിഎസ് കോടതി 14 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
വനത്തില്‍ 45 കിലോമീറ്റര്‍ വാഹനത്തിലും കാല്‍നടയായും സഞ്ചരിച്ച് രണ്ടുദിവസംകൊണ്ടാണ് പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത്. ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐ ടി. രഞ്ജിത്കുമാര്‍, എഎസ്‌ഐ കെ.ജെ. ബിനോയ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.എം. ജലീല്‍, കെ.എന്‍. സിജുമോന്‍, വൈ. ക്ലെമെന്റ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.