അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസ്; രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജിയില്‍ നാളെയും വാദം തുടരും; ജയിലില്‍ നിരാഹാരം തുടര്‍ന്നതോടെ ആരോഗ്യനില വഷളായി; വീണ്ടും ആശുപത്രിയില്‍

Update: 2025-12-05 12:49 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യഹര്‍ജി നാളെയും വാദം തുടരും. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സിജെ എം കോടതി നാളെ പരിഗണിക്കാന്‍ മാറ്റിയത്. കേസിലെ എഫ് ഐ ആര്‍ വായിക്കുക മാത്രമാണ് വീഡിയോയില്‍ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും ഇതില്‍ ഇല്ലെന്നും രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകന്‍ വാദിച്ചു. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് രാഹുലിനെ വൈകിട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ജയിലില്‍ നിരാഹാരം തുടരുന്നതോടെ ആരോഗ്യ നില വഷളായ സാഹചര്യത്തിലാണ് രാഹുല്‍ ഈശ്വറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയില്‍ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വര്‍ നിലവില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടരുകയാണ്. കേസില്‍ വഞ്ചിയൂര്‍ മജിസ്ട്രേറ്റ് കോടതി രാഹുല്‍ ഈശ്വറിന് നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതിജീവിതയുടെ ഐഡന്റിറ്റി രാഹുല്‍ വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.

എന്നാല്‍ രാഹുല്‍ ഈശ്വര്‍ ഒരു ഘട്ടത്തില്‍ പോലും യുവതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. രാഹുലിന്റെ വീഡിയോയില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളി. കുറ്റം നിസാരമായി കാണാനാകില്ലെന്നും ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ കഴമ്പുണ്ടെന്നും കോടതി വിലയിരുത്തി. തുടര്‍ന്ന് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

നവംബര്‍ 30നാണ് അതിജീവിതയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും രാഹുലിനെ അറസ്റ്റ് ചെയ്തത്. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തായിരുന്നു അറസ്റ്റ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ആണ് ഒന്നാം പ്രതി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ അഞ്ചാം പ്രതിയാണ്.

Similar News