സ്വത്തുക്കൾ ലിവിങ് പങ്കാളിക്ക് നൽകുമെന്ന് ഭയം; സാമ്പത്തിക സഹായം നിലയ്ക്കുമെന്ന് കരുതി 58 കാരിയെ ശ്വാസംമുട്ടിച്ചു കൊന്നു; ക്രൂരതയ്ക്ക് പിന്നിൽ സഹോദരിയും മകനും; സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തിൽ ചുരുളഴിച്ച് പോലീസ്

Update: 2026-02-24 11:32 GMT

തുമകുരു: കർണാടകയിലെ തുമകുരു ജില്ലയിൽ 58കാരിയായ ജയലക്ഷ്മിയെ സഹോദരിയും മകനും ചേർന്ന് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫെബ്രുവരി 19-ന് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ജയലക്ഷ്മിയുടേത് സ്വാഭാവിക മരണമാണെന്നാണ് കരുതിയിരുന്നതെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംഭവത്തിൽ സഹോദരി അനസൂയ, മകൻ ചന്ദ്രശേഖർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിൽ പങ്കാളിയായ ചന്ദ്രശേഖറിനെ സ്വന്തം മകനെപ്പോലെയാണ് ജയലക്ഷ്മി വളർത്തിയിരുന്നത്. ജയലക്ഷ്മിയുടെ ഭർത്താവ് (ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ) 19 വർഷം മുമ്പ് മരിച്ചതാണ്. തുടർന്ന് ശ്രീനിവാസ് എന്നയാളുമായി ലിവിങ് ടുഗദർ ബന്ധത്തിലായിരുന്നു ഇവർ. ജയലക്ഷ്മിയുടെ പേരിലുള്ള സ്വത്തുക്കൾ ശ്രീനിവാസിന് നൽകുമെന്നും തങ്ങൾക്കുള്ള സാമ്പത്തിക സഹായം ഇതോടെ നിലയ്ക്കുമെന്നുമുള്ള ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

ഏതാനും മാസങ്ങളായി അനസൂയയും മകനും ജയലക്ഷ്മിയുടെ വീട്ടിലായിരുന്നു താമസം. ഇവർ വന്നതോടെ ജയലക്ഷ്മിയുടെ പങ്കാളിയായ ശ്രീനിവാസുമായി തർക്കങ്ങൾ പതിവായി. ഒടുവിൽ ശ്രീനിവാസനൊപ്പം പുതിയ വാടകവീട്ടിലേക്ക് മാറാൻ ജയലക്ഷ്മി തീരുമാനിച്ചതോടെയാണ് പ്രതികൾ കൃത്യം നടത്തിയത്. ജയലക്ഷ്മിയുടെ മരണം അസ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടി ശ്രീനിവാസൻ പോലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം ഊർജ്ജിതമായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും സ്വത്തുതർക്കമാണ് കൃത്യത്തിന് പിന്നിലെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Tags:    

Similar News