മദ്യലഹരിയില്‍ ആശുപത്രിയിലെത്തി; രോഗികളുടെ പരാതിയില്‍ ഡോക്ടര്‍ കസ്റ്റഡിയില്‍
മദ്യലഹരിയില്‍ ആശുപത്രിയിലെത്തി; രോഗികളുടെ പരാതിയില്‍ ഡോക്ടര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: മദ്യലഹരിയില്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയ ഡോക്ടടറെ രോഗികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായ ഡോക്ടര്‍ ജിത്തുവിനെതിരെയാണ് നാട്ടുകാര്‍ പരാതി നല്‍കിയത്.
മദ്യപിച്ച് ആശുപത്രിയിലെത്തിയത് ചോദ്യം ചെയ്ത രോഗികളുമായി ഇയാള്‍ തര്‍ക്കത്തിലായി. തുടര്‍ന്ന് രോഗികളും നാട്ടുകാരും ചേര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ വെള്ളറട പൊലിസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയും കേസെടുക്കുകയും ചെയ്തു. പിന്നാലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഒരാഴ്ച മുന്‍പും സമാനമായ രീതിയില്‍ ഡോക്ടര്‍ മദ്യപിച്ചെത്തി രാത്രി ചികിത്സയ്ക്ക് എത്തിയ രോഗികളോട് മോശമായി പെരുമാറിയതായി രോഗികളും പരിസരവാസികളും പറയുന്നു. രക്തം പരിശോധിച്ചതിന്റെ ഫലം ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നും തുടര്‍നടപടികള്‍ ഇതിന് ശേഷമേയുണ്ടാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. രക്തത്തിലെ മദ്യത്തിന്റെ അളവ് സ്ഥിരീകരിച്ചാല്‍ വകുപ്പ്തല നടപടിയടക്കം ഉണ്ടായേക്കും.