എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം; കോണ്‍ഗ്രസ് എംപിയാണ് എന്നത് തരൂര്‍ മറക്കുന്നു; തരൂര്‍ ലക്ഷ്ണണ രേഖ കടക്കുന്നുവെന്ന് പി ജെ കുര്യന്‍

Update: 2025-12-13 13:50 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് എന്‍ഡിഎ മിന്നും ജയം നേടിയതിന് പിന്നാലെ ശശി തരൂര്‍ എംപിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം. കോണ്‍ഗ്രസ് എംപിയാണ് എന്നത് തരൂര്‍ മറക്കുന്നു. തരൂര്‍ ലക്ഷ്ണണ രേഖ കടക്കുന്നുവെന്നും പി ജെ കുര്യന്‍ വിമര്‍ശിച്ചു.

'ലക്ഷ്മണരേഖയ്ക്ക് ഉള്ളില്‍ നിന്നുകൊണ്ട് ഇന്റേണല്‍ ഡെമോക്രസിക്കു വേണ്ടി വിമര്‍ശനം നടത്തിയാല്‍ ഞാനതിന് എതിരല്ല. ഞാനങ്ങനെ നടത്താറുണ്ട്. പക്ഷേ ശശി തരൂര്‍ ലക്ഷ്മണരേഖ ലംഘിക്കുന്നു. എംപിയായത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാണെന്ന് അദ്ദേഹം മറക്കുന്നു. എംപി ആയതുകൊണ്ട് ആണ് ബിജെപി തരൂരിനെ പരിഗണിക്കുന്നതെന്നും അദ്ദേഹം മറക്കുന്നു'- പി ജെ കുര്യന്‍ പറഞ്ഞു.

സംസ്ഥാനത്താകെയുള്ള യു ഡി എഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച് ശശി തരൂര്‍ രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ ബി ജെ പിയുടെ ചരിത്ര വിജയത്തെയും അഭിനന്ദിക്കാന്‍ മടികാട്ടിയില്ല. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ഫലം കാണിക്കുന്നതെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തലസ്ഥാനത്തടക്കം ദൃശ്യമായതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. എല്‍ ഡി എഫിന്റെ ദീര്‍ഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യു ഡി എഫിന്റെയും ബി ജെ പിയുടെയും വിജയത്തിന് പിന്നിലെന്നും അദ്ദേഹം എക്‌സിലെ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

'കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കിയ ഒരു ദിനമാണ് ഇന്ന്! ജനവിധി വ്യക്തമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ മികച്ച വിജയത്തില്‍ യു ഡി എഫിന് വലിയ അഭിനന്ദനങ്ങള്‍! ഇത് വന്‍ അംഗീകാരമാണ്, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ നല്‍കുന്ന ശക്തമായ സൂചനയും. കഠിനാധ്വാനം, ശക്തമായ സന്ദേശം, ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം ഒത്തുചേര്‍ന്ന് 2020 ലേതിനേക്കാള്‍ മികച്ച ഫലം നേടിയെടുക്കാനായി. തിരുവനന്തപുരത്തെ ബി ജെ പിയുടെ ചരിത്രപരമായ വിജയവും അംഗീകരിക്കുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ അവരുടെ പ്രധാന വിജയത്തിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ശ്രദ്ധേയമായ മാറ്റം അടയാളപ്പെടുത്തുന്ന ശക്തമായ പ്രകടനമാണ് ബി ജെ പി നടത്തിയത്. നഗരസഭയിലെ 45 വര്‍ഷത്തെ എല്‍ ഡി എഫ് ദുരന്തഭരണത്തില്‍ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നല്‍കിയത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. മൊത്തത്തില്‍ യു ഡി എഫിനും എന്റെ മണ്ഡലത്തില്‍ ബി ജെ പിയും നേടിയ ജനവിധി ആദരിക്കപ്പെടണം. കേരളത്തിന്റെ ക്ഷേമത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കും, ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും നല്ല ഭരണതത്വങ്ങളുടെ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും'- എന്നാണ് തരൂര്‍ കുറിച്ചത്.

Similar News