മുസ്ലിം ലീഗിന്റെ 'കുത്തക' ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ്- സിപിഎം സഖ്യം; പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ച് 'ഇന്ത്യ' മുന്നണി
മലപ്പുറം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച നേട്ടം കൈവരിച്ചെങ്കിലും വ്യത്യസ്തമായ ഒരു സഖ്യരൂപീകരണം കൊണ്ട് ശ്രദ്ധ നേടുകയാണ് പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്. പതിനഞ്ച് വര്‍ഷമായി പഞ്ചായത്ത് ഭരിക്കുന്ന മുസ്ലീം ലീഗിനെ താഴെയിറക്കാന്‍ ഒന്നിച്ചതാവട്ടെ കോണ്‍ഗ്രസും സിപിഎമ്മും. ഒടുവില്‍ തെരഞ്ഞെടുപ്പില്‍ ഈ പുതിയ സഖ്യം വിജയം കാണുകയും ചെയ്തു.
15 വര്‍ഷത്തെ മുസ്ലിം ലീഗിന്റെ ഭരണം അവസാനിപ്പിച്ചാണ് പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ഇനി കോണ്‍ഗ്രസ്- സിപിഎം സഖ്യം ഭരിക്കുക. ആകെയുള്ള 18 സീറ്റില്‍ കോണ്‍ഗ്രസ് പത്തും സിപിഎം മൂന്നും സീറ്റും നേടി. നാല് സീറ്റില്‍ മുസ്ലിം ലീഗും ഒരു സീറ്റില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും വിജയിച്ചു. വിജയത്തിനു പിന്നാലെ പൊന്മുണ്ടത്ത് സിപിഎം- കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടേയും ഒരുമിച്ചുള്ള ആഹ്ലാദ പ്രകടനവും അരങ്ങേറി.
അതേസമയം, മലപ്പുറം ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളിലും വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമില്ലാതെയാണ് യുഡിഎഫ് അധികാരം പിടിച്ചത്. ആകെയുള്ള 33 ഡിവിഷനുകളില്‍ 33ഉം യുഡിഎഫ് തൂത്തുവാരി. കഴിഞ്ഞതവണ രണ്ട് ഡിവിഷനുകളിലായിരുന്നു എല്‍ഡിഎഫ് വിജയിച്ചിരുന്നത്. 2025ല്‍ അതും യുഡിഎഫ് പിടിച്ചെടുത്തു.
മംഗംലം, വഴിക്കടവ് ഡിവിഷനുകളിലായിരുന്നു കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് വിജയിച്ചിരുന്നത്. കഴിഞ്ഞ തവണ വഴിക്കടവ് ഡിവിഷന്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് അട്ടിമറി വിജയം നേടിയ ഷെറോണയിലൂടെ ചുങ്കത്തറയിലും അട്ടിമറി നടത്താനാവുമെന്നാണ് എല്‍ഡിഎഫ് കരുതിയത്. എന്നാല്‍ ചുങ്കത്തറ കിട്ടിയതുമില്ല. വഴിക്കടവ് പോവുകയും ചെയ്തു.
ആകെയുള്ള 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 14ഉം യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ ഒരൊറ്റ ബ്ലോക്ക് മാത്രം എല്‍ഡിഎഫിനൊപ്പം നിന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലാണ് എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചത്. അരീക്കോട്, കാളികാവ്, കൊണ്ടോട്ടി, കുറ്റിപ്പുറം, മലപ്പുറം, മങ്കട, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പെരുമ്പടപ്പ്, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, വേങ്ങര, വണ്ടൂര്‍ എന്നീ 14 ബ്ലോക്കുകളിലും യുഡിഎഫാണ് വിജയക്കൊടി പാറിച്ചത്.
90 ഗ്രാമപഞ്ചായത്തുകള്‍ യുഡിഎഫ് നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ നേട്ടം വെറും മൂന്നിലൊതുങ്ങി. മുന്‍സിപ്പാലിറ്റികളിലും യുഡിഎഫിന് തന്നെയാണ് മുന്നേറ്റം. ആകെയുള്ള 12 മുനിസിപ്പാലിറ്റികളില്‍ 11ഉം യിഡിഎഫ് സ്വന്തമാക്കിയപ്പോള്‍ എല്‍ഡിഎഫിന്റെ നേട്ടം ഒന്നിലൊതുങ്ങി. പൊന്നാനി മുനിസിപ്പാലിറ്റിയാണ് എല്‍ഡിഎഫ് വിജയക്കൊടി പാറിയത്.
