കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 26 വോട്ടുകള്‍ക്ക് തോറ്റ സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു; യുഡിഎഫ് ക്യാമ്പിനെ ദുഃഖത്തിലാഴ്ത്തി സിനിയുടെ മരണം

26 വോട്ടുകള്‍ക്ക് തോറ്റ സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Update: 2025-12-15 02:00 GMT

തിരുവനന്തപുരം: നിസ്സാര വോട്ടുകള്‍ക്ക് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തോറ്റ മുന്‍ കൗണ്‍സിലര്‍ ഞായറാഴ്ച രാവിലെ കുഴഞ്ഞുവീണു മരിച്ചു. ഇടവക്കോട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിഎംപിയിലെ വി.ആര്‍.സിനി(50) ആണ് മരിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേദിവസം, സ്ഥാനാര്‍ഥിയായിരുന്ന വി.ആര്‍.സിനി മരണപ്പെട്ടത് യുഡിഎഫ് ക്യാമ്പിനെ ദുഃഖത്തിലാഴ്ത്തി. ഞായറാഴ്ച രാവിലെ ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടില്‍വെച്ച് കുഴഞ്ഞുവീണ സിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തന്റെ ആരോഗ്യപ്രശ്നങ്ങളെയടക്കം അവഗണിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായത്. നേരത്തേ ഡയാലിസിസ് ഉള്‍പ്പെടെ ചെയ്തിട്ടുള്ള ഇവര്‍ക്ക് ശനിയാഴ്ചയും ഡയാലിസിസ് നിശ്ചയിച്ചിരുന്നതാണെന്നും എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസമായതുകൊണ്ട് ഇത് അടുത്ത ദിവസത്തേക്കു മാറ്റിവെച്ചതായും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

സിനി 26 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടത്. ഈ വാര്‍ഡില്‍ സിനിയുടെ പേരിനോടു സാമ്യമുള്ള രണ്ടു സ്ഥാനാര്‍ഥികള്‍ ചേര്‍ന്ന് 44 വോട്ടുകള്‍ നേടിയിരുന്നു. നേരത്തേ രണ്ടുതവണ കൗണ്‍സിലറായിരുന്ന സിനിക്ക് ഇത്തവണ അപരന്‍മാരുടെ ശല്യം തിരിച്ചടിയായി. 2010മുതല്‍ 2020വരെ ചെറുവയ്ക്കല്‍, ആക്കുളം വാര്‍ഡുകളിലായിരുന്നു സിനി നേരത്തേ കൗണ്‍സിലറായിരുന്നത്.

ശക്തമായ മത്സരം നടന്ന ഇടവക്കോട് യുഡിഎഫ് രണ്ടാംസ്ഥാനത്താവുകയായിരുന്നു. സിനിയുടെ വിയോഗത്തില്‍ മുന്‍ എംഎല്‍എയും നിയുക്ത കൗണ്‍സിലറുമായ കെ.എസ്.ശബരീനാഥന്‍ അനുശോചിച്ചു. കോര്‍പ്പറേഷനിലെ സിഎംപിയുടെ തീപ്പൊരി കൗണ്‍സിലറായിരുന്ന സിനി, ഇടവക്കോട് എന്ന കോട്ട പിടിച്ചെടുക്കാന്‍ യുഡിഎഫ് നിയോഗിച്ചിരുന്ന പോരാളിയായിരുന്നുവെന്ന് ശബരീനാഥന്‍ സാമൂഹികമാധ്യമത്തില്‍ കുറിച്ചു. ഡിസിസി അംഗം ചേന്തി അനിയാണ് സിനിയുടെ ഭര്‍ത്താവ്. മകള്‍: ഡോ. അനു എസ്. അനില്‍.

15ന് വൈകീട്ട് അഞ്ചുമുതല്‍ 16-ന് രാവിലെ 10.30വരെ ചേന്തി ശ്രീനാരായണ ലൈബ്രറി ഹാളില്‍ പൊതുദര്‍ശനം. 11-ന് വീട്ടിലെ ചടങ്ങുകള്‍ക്കുശേഷം മുട്ടത്തറ മോക്ഷകവാടത്തില്‍ സംസ്‌കരിക്കും.

Tags:    

Similar News