സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ച; ഇത്തരത്തിലുള്ള കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല; പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി

Update: 2025-12-16 11:08 GMT

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ മുപ്പതാം എഡിഷനിലെ ചില സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്‍സര്‍ഷിപ്പ്. ഇത്തരത്തിലുള്ള കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍നിശ്ചയിച്ച പ്രകാരം മുഴുവന്‍ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പറഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിര്‍ദ്ദേശം നല്‍കി. കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്‌കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തേയും തകര്‍ക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാന്‍ കഴിയില്ല. കലാവിഷ്‌കാരങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രാനുമതി നിഷേധിച്ച 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും സിനിമാസ്വാദകര്‍ നല്ല രീതിയില്‍ സ്വീകരിച്ചതുമാണ്. ഈ സിനിമകള്‍ കാണാനുള്ള പ്രതിനിധികളുടെ അവകാശത്തെ നിഷേധിക്കാനാവില്ല. ഫെസ്റ്റിവല്‍ ഷെഡ്യൂളിലും ബുക്കിലും ഇവ പ്രസിദ്ധീകരിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ അവകാശം നിഷേധിക്കാനാവില്ലന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര നടപടി മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഐഎഫ്എഫ്‌കെയില്‍ അസാധാരണ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, മുന്‍കൂര്‍ ഷെഡ്യൂള്‍ ചെയ്ത പ്രകാരം എല്ലാ സിനിമകളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഡിസംബര്‍ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ 12,000ത്തിലധികം ഡെലിഗേറ്റുകളും വിദേശത്തുനിന്നടക്കം 200ഓളം ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.

പലസ്തീന്‍ പ്രമേയമായ സിനിമകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. നാല് പലസ്തീന്‍ സിനിമയുള്‍പ്പെടെ 19 ലോകസിനിമകള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. സാധാരണ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകള്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ എക്സംഷന്‍ സര്‍ട്ടിഫിക്കറ്റോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. മേള തുടങ്ങി നാലുദിവസം കഴിഞ്ഞിട്ടും 19 സിനിമകള്‍ കേന്ദ്രം പരിഗണിച്ചിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചവയും സുവര്‍ണ ചകോരം ലഭിച്ചവയും ഇതിലുള്‍പ്പെടുന്നു.

Similar News