സൗഹൃദം നടിച്ച് വിശ്വാസം നേടിയെടുത്ത ശേഷം വൃദ്ധദമ്പതിമാരില്‍ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്തു; യുവദമ്പതികള്‍ അറസ്റ്റില്‍
വൃദ്ധദമ്പതിമാരെ കബളിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്തു; യുവദമ്പതിമാർ പിടിയിൽ
കടുത്തുരുത്തി: മക്കളില്ലാത്ത വൃദ്ധദമ്പതിമാരുമായി സൗഹൃദം നടിച്ച് വിശ്വാസം നേടിയെടുത്തശേഷം 60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവദമ്പതികളെ കടുത്തുരുത്തി പോലീസ് അറസ്റ്റുചെയ്തു. മാഞ്ഞൂര്‍ വികെറ്റീ വീട്ടില്‍ മഹേഷ്(38), ഭാര്യ വിജി (37) എന്നിവരെയാണ് കടുത്തുരുത്തി എസ്എച്ച്ഒ എ.എസ്. അന്‍സലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. മാഞ്ഞൂര്‍ സ്വദേശികളായ വൃദ്ധദമ്പതിമാരാണ് തട്ടിപ്പിന് ഇരയായത്.
പണം തട്ടിയെടുത്ത ശേഷം ബാങ്കില്‍ നിക്ഷേപിച്ചതായി വ്യാജ രേഖയുണ്ടാക്കിയാണ് മഹേഷും വിജിയും തട്ടിപ്പ് നടത്തിയത്. വൃദ്ധദമ്പതിമാരുടെ പേരില്‍ കുറുപ്പന്തറയിലെ ബാങ്കില്‍ സ്ഥിരനിക്ഷേപമായി കിടന്നിരുന്ന 60 ലക്ഷം രൂപയ്ക്ക് കൂടുതല്‍ പലിശ വാഗ്ദാനംചെയ്ത് കൈവശപ്പെടുത്തുകയായിരുന്നു.
മറ്റൊരു ബാങ്കിന്റെ എറണാകുളം ബ്രാഞ്ചില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. 2024 ജൂലായ് മുതലുള്ള കാലയളവില്‍ പല തവണകളായി ചെക്ക് മുഖാന്തരവും മറ്റുമാണ് പ്രതികളുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. 60 ലക്ഷം രൂപ തട്ടിയെടുത്തശേഷം സിഎഫ്‌സിഐസിഐ ബാങ്കിന്റെ എറണാകുളം ശാഖയില്‍ നിക്ഷേപിച്ചതായി വ്യാജരേഖയുണ്ടാക്കി വൃദ്ധദമ്പതിമാരെ കബളിപ്പിക്കുകയായിരുന്നു.
വയോധികദമ്പതിമാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.