രക്തസാക്ഷികളുടെ നാമത്തില്‍ എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ; റദ്ദ് ചെയ്ത് വീണ്ടുംചൊല്ലിച്ച് വരണാധികാരി
ചാലക്കുടി: രക്തസാക്ഷികളുടെ നാമത്തിലുള്ള എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി വീണ്ടും സത്യപ്രതിജ്ഞ ചൊല്ലിച്ചു. ചാലക്കുടി നഗരസഭയിലെ അഞ്ചാംവാര്‍ഡ് കൗണ്‍സിലര്‍ നിധിന്‍ പുല്ലന്റെ സത്യപ്രതിജ്ഞ റദ്ദാക്കിയാണ് വരണാധികാരി ഇദ്ദേഹത്തെക്കൊണ്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്. ധീരരക്തസാക്ഷികളുടെ നാമത്തില്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു എന്നാണ് നിധിന്‍ പുല്ലന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞത്. എന്നാല്‍, വരണാധികാരി ഇടപെട്ട് ഇത് റദ്ദ് ചെയ്യുകയും വീണ്ടും പുതിയതായി സത്യപ്രതിജ്ഞ എടുപ്പിക്കുകയുമായിരുന്നു.
ഞായറാഴ്ച രാവിലെ നഗരസഭാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുതിര്‍ന്ന അംഗം കെ.ടി. ജോണിക്ക് വരണാധികാരിയായ ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരന്‍ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കെ.ടി. ജോണി മറ്റംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഒന്നാംവാര്‍ഡ് മുതല്‍ ക്രമത്തിലാണ് അംഗങ്ങള്‍ സത്യവാചകം ചൊല്ലി സ്ഥാനമേറ്റത്.