വിനോദ നികുതിയില്‍ ഇളവ് നല്‍കാമെന്ന് വകുപ്പ് മന്ത്രിയുടെ ഉറപ്പ്; സിനിമാ സമരം പിന്‍വലിച്ച് ചലച്ചിത്ര സംഘടനകള്‍

Update: 2026-01-20 10:44 GMT

കൊച്ചി: കേരളത്തില്‍ സിനിമ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് പിന്‍വലിച്ചു. നാളെ നടക്കാനിരുന്ന സമരമാണ് പിന്‍വലിച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. വിനോദ നികുതിയില്‍ ഇളവ് നല്‍കാമെന്ന് ഉറപ്പു നല്‍കിയ സാംസ്‌കാരിക വകുപ്പ് മന്ത്രി, മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു. സിനിമ സംഘടനകളുടെ ആവശ്യങ്ങള്‍ ന്യായമെന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മന്ത്രി നല്ല രീതിയില്‍ ഉള്ള പ്രതികരണം നടത്തിയതിന്റെ പേരില്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന കൂടെ മാനിച്ച് സമരം പിന്‍വലിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത് എന്ന് സംഘടന പ്രതിനിധികള്‍ അറിയിച്ചു.

മന്ത്രിയായിട്ടുള്ള ചര്‍ച്ച കഴിഞ്ഞു. ഞങ്ങള്‍ ഉന്നയിച്ച ഏറ്റവും വലിയ പ്രശ്‌നം വിനോദ നികുതിയാണ്. അത് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി ചര്‍ച്ചചെയ്ത് വേണ്ട ഇളവ് നല്‍കാമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. കൂടാതെ ഞങ്ങള്‍ ഉന്നയിച്ച വിവിധ പ്രശ്‌നങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ തന്നെ ചര്‍ച്ചകള്‍ നടത്താമെന്നും പറഞ്ഞ കാര്യങ്ങള്‍ ന്യായമാണെന്നും അത് വേണ്ട രീതിയില്‍ ചെയ്യാമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങള്‍ സമരം പിന്‍വലിക്കുകയാണ്. സംഘടന പ്രതിനിധികള്‍ അറിയിച്ചു.

തിയേറ്ററുകള്‍ ലൈസന്‍സ്, ഷൂട്ടിംഗ് ഏകജാലക സംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോര്‍ഡുമായി ചര്‍ച്ച ചെയ്യും. വിനോദ നികുതി നാല് ശതമാനമാക്കി കുറയ്ക്കാമെന്ന ശുപാര്‍ശ മന്ത്രി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ് അറിയിച്ചു.

തിയറ്റര്‍ ലൈസന്‍സ്, ഷൂട്ടിങ് ഏകജാലക സംവിധാനം, തിയറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോര്‍ഡുമായി ചര്‍ച്ച ചെയ്യും. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴിയുള്ള സബ്‌സിഡിയുടെ കാര്യത്തില്‍ വര്‍ധനവ് വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. പൈറസിയും റിവ്യു ബോംബിങ്ങും ചര്‍ച്ചയില്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. വിനോദ നികുതി നാല് ശതമാനമാക്കി കുറക്കണമെന്ന് മന്ത്രി നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ് അറിയിച്ചു.

അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലീം ചേമ്പര്‍ തുടങ്ങിയ സംഘടനകള്‍ സംയുക്തമായി ചേര്‍ന്നാണ് ജനുവരി 21ന് സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ജിഎസ്ടി വന്നതിനുശേഷവും തുടര്‍ന്നുപോകുന്ന തദ്ദേശനികുതി ഒഴിവാക്കണമെന്നതായിരുന്നു സംഘടനകളുടെ പ്രധാന ആവശ്യം. ജിഎസ്ടിക്ക് പുറമെ തദ്ദേശനികുതിയും വരുന്നതോടെ ഇത് ഫലത്തില്‍ ഇരട്ട നികുതിയാണ്. ഇത് വലിയ ഭാരമാണ് സിനിമ മേഖലയ്ക്ക് ഉണ്ടാക്കുന്നത്. എന്നാല്‍ ഈ കാര്യങ്ങളൊന്നും കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കഴിഞ്ഞ സിനിമാ കോണ്‍ക്ലേവ് കണ്ണില്‍ പൊടിയിടാനാണ് സംഘടിപ്പിച്ചതെന്നും സംഘടനകള്‍ വിമര്‍ശിച്ചിരുന്നു.

ഇതിന് പുറമെ ദിവസവും വൈകിട്ട് ആറ് മണി മുതല്‍ തിയറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുതി താരിഫ് അനുവദിക്കുക, കെ.എസ്.എഫ്.ഡി.സിക്കും ചലച്ചിത്ര അക്കാദമിക്കും പ്രതിവര്‍ഷം തിയറ്ററുകളില്‍ നിന്ന് സ്വരൂപിച്ച് നല്‍കുന്ന 1.5കോടി രൂപയുടെ സംഭാവന നിര്‍ത്തുക, സര്‍ക്കാര്‍ ലൊക്കേഷനുകളിലെ ഷൂട്ടിങ് അനുമതിക്കും ഫീസ് അടയ്ക്കുന്നതിനും ഏകജാലക സംവിധാനം ഒരുക്കുക, ചിത്രാഞ്ജലിയില്‍ നിര്‍മിക്കുന്ന സിനിമകള്‍ക്കുള്ള സര്‍ക്കാര്‍ സബ്‌സിഡി 5ലക്ഷത്തില്‍ നിന്ന് 25ലക്ഷമാക്കി ഉയര്‍ത്തുക തുടങ്ങി ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സിനിമ സംഘടനകള്‍ തീരുമാനിച്ചിരുന്നത്.

Similar News