സിദ്ദിഖിന് യുഎഇയിലേക്ക് പറക്കാന്‍ അനുമതി; പാസ്പോര്‍ട്ട് കോടതി തിരികെ നല്‍കി; യാത്ര ഷാര്‍ജയില്‍ സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍; മാര്‍ച്ച് 31-നകം പാസ്പോര്‍ട്ട് കോടതിയില്‍ തിരികെ സമര്‍പ്പിക്കണം

സിദ്ദിഖിന് യുഎഇയിലേക്ക് പറക്കാന്‍ അനുമതി

Update: 2026-02-24 10:30 GMT

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ കോടതി അനുമതി നല്‍കി. ഷാര്‍ജയില്‍ നടക്കുന്ന 'രാജകീയം' എന്ന സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇതിനായി സിദ്ദിഖിന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കി.

മാര്‍ച്ച് 31-നകം പാസ്പോര്‍ട്ട് കോടതിയില്‍ തിരികെ സമര്‍പ്പിക്കണമെന്ന കര്‍ശന വ്യവസ്ഥയോടെയാണ് യാത്രാനുമതി ലഭിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടാനിയ മറിയം ജോസിന്റേതാണ് ഈ വിധി. സുപ്രീം കോടതി അനുവദിച്ച ജാമ്യവ്യവസ്ഥകളുടെ ഭാഗമായാണ് സിദ്ദിഖ് തന്റെ പാസ്പോര്‍ട്ട് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

2016 ജനുവരി 28-ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് യുവനടിയെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് സിദ്ദിഖിനെതിരായ കേസ്. ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം നടിയെയും കുടുംബത്തെയും സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിച്ചതായും, നടി ഹോട്ടലില്‍ എത്തിയതായും, അന്ന് സിദ്ദിഖ് അവിടെ താമസിച്ചതായും സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെടെ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് 31-നകം പാസ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കണമെന്ന ഉപാധിയോടെയാണ് നടന്‍ സിദ്ദിഖിന് യുഎഇ യാത്രാനുമതി ലഭിച്ചിരിക്കുന്നത്.

Tags:    

Similar News